ഗൂഢാലോചയുണ്ടെന്ന് ലാല്‍; പിന്നില്‍ പ്രവര്‍ത്തിച്ചരെ കണ്ടെത്തണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2017 12:25 PM |
Last Updated: 24th February 2017 01:39 PM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നടനും സംവിധായകനുമായ ലാല്‍. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ലാല്‍ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് പലരും ഊഹാപോഹങ്ങള്‍ പരത്തുകയാണ്. സഹായിക്കാന്‍ വന്നവര്‍ പോലും ആരോപണത്തിന് ഇരയായി. നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ തന്നെ സഹായിക്കാന്‍ എത്തിയതിന്റെ പേരില്‍ നിര്‍മാതാവ് ആന്റോ ജോസഫിനെതിരെ ആരോപണം ഉയര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഇതില്‍ വിഷമമുണ്ടെന്ന് ലാല്‍ പറഞ്ഞു. കള്ളക്കഥകളുടെ പേരില്‍ ദിലീപ് അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ല.
അന്നു രാത്രി ഡ്രൈവര്‍ മാര്‍ട്ടിനെ പിന്തുടര്‍ന്നു പിടിച്ചത് താനാണ്. ആക്രമിക്കപ്പെട്ടെന്നും ആശുപത്രിയില്‍ പോവണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അഭിനയമാണെന്ന് അപ്പോള്‍ തന്നെ തോന്നിയെന്ന് ലാല്‍ വെളിപ്പെടുത്തി.
സിനിമയുടെ ആവശ്യത്തിനല്ല നടി അന്ന് കൊച്ചിയിലേക്കു വന്നതെന്ന് ലാല്‍ വ്യക്തമാക്കി. നടി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് വാഹനം വിട്ടുകൊടുത്തത്. അവര്‍ക്കു സുഹൃത്തിന്റെ വീട്ടില്‍ പോവുന്നതിന് ആയിരുന്നു അത്. കേസിലെ പ്രതി സുനില്‍കുമാറുമായി തനിക്കു പരിചയമില്ല. ഷൂട്ടിങ് സെറ്റുകളില്‍ നല്ല ഡ്രൈവര്‍ എന്നു പേരു കേള്‍പ്പിച്ചയാളാണ് ഇയാളെന്നും ലാല്‍ പറഞ്ഞു.
പ്രതിയെ ചുരുങ്ങിയസമയത്തിനുള്ളില്‍ പിടിച്ചത് വലിയ കാര്യമാണെന്ന് ലാല്‍ അഭിപ്രായപ്പെട്ടു. പൊലീസ് ഇക്കാര്യത്തില്‍ വലിയ ശ്രമമാണ് നടത്തിയത്. കോടതിയില്‍നിന്ന് പ്രതിയെ പിടിച്ചതിന്റെ പേരില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് ലാല്‍ പറഞ്ഞു. പ്രതിക്കും മനുഷ്യാവകാശങ്ങളുണ്ടാവാം. എന്നാല്‍ അത് ഉയര്‍ത്തേണ്ട അവസരം ഇതല്ലെന്ന് ലാല്‍ ചൂണ്ടിക്കാട്ടി.
കഞ്ചാവടിച്ച് സിനിമയുണ്ടാക്കിയാല്‍ വിജയിക്കില്ല. ന്യൂജനറേഷന്‍ സിനിമയെന്ന് ആക്ഷേപിച്ച് അതു മുഴുവന്‍ മദ്യവും മയക്കുമരുന്നുമാണെന്ന് പറയുന്നത് ശരിയല്ല. പുതിയ ആളുകളുടെ സിനിമ വിജയിക്കുന്നതില്‍ നിരാശയുള്ളവരാണ് ഇത്തരം ആക്ഷേപത്തിനു പിന്നിലെന്ന് ലാല്‍ കുറ്റപ്പെടുത്തി.