മുഖ്യമന്ത്രി പിണറായിയ്ക്ക് പൂര്‍ണ്ണ സുരക്ഷ ഒരുക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2017 11:23 AM |
Last Updated: 24th February 2017 11:23 AM | A+A A- |

മാംഗ്ലൂര്‍: നാളെ മാംഗ്ലൂരില്‍ സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദറാലിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. റാലിയില്‍ പ്രസംഗിക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിക്കുകയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്ന സാഹചര്യത്തിലാണിത്.
സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനം കര്‍ണ്ണാടകയില്‍ വിലപ്പോവില്ലെന്ന് കര്‍ണ്ണാടക ഭക്ഷ്യമന്ത്രി യു.ടി. ഖാദര്‍ പറഞ്ഞു. സംഘപരിവാര്‍ ഭീഷണി നേരത്തേ ഏല്‍ക്കേണ്ടിവന്ന എഴുത്തുകാരന്‍ കെ.എസ്. ഭഗവാനും പിണറായി വിജയന്റെ മംഗ്ലൂര്‍ സന്ദര്‍ശനത്തിന് പിന്തുണ പ്രഖ്യാപിച്ചു.
എ.കെ.ജി. ബീഡി വര്‍ക്കേഴ്‌സ് ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനും മതസൗഹാര്‍ദ്ദറാലിയില്‍ പങ്കെടുക്കുന്നതിനുമാണ് പിണറായി വിജയന്‍ മംഗ്ലൂരിലേക്ക് എത്തുന്നത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായ ഉടനെതന്നെ പിണറായി വിജയനെ മംഗ്ലൂരില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആര്‍.എസ്.എസ്. അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പരിപാടി റദ്ദ് ചെയ്യിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു.
ഇതിനുമുമ്പ് ഭോപ്പാലില്‍ മലയാളികളുടെ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍.എസ്.എസിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഇത് ഏറെ ചര്‍ച്ചയായതാണ്.