ന്യൂസ് അവര്‍ കഴിഞ്ഞാല്‍ 'അവതാരക' വേട്ട

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍ വ്യക്തിപരമായി വേട്ടയാടപ്പെടുന്നതിനെക്കുറിച്ച് അവതാരകന്‍ വിനു വി. ജോണ്‍
വിനു വി. ജോണ്‍
വിനു വി. ജോണ്‍

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ പാതിരാത്രി കഴിഞ്ഞുവരെ ഫോണില്‍ അസഭ്യവര്‍ഷം കേള്‍ക്കേണ്ടി വരികയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണ്‍. ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ കോളജ് ഭരണാധികാരി കൃഷ്ണദാസിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചതിന് രാത്രി രണ്ടു മണിക്കു വരെ ഫോണില്‍ അസഭ്യവര്‍ഷമുണ്ടായെന്ന് സമകാലിക മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍  വിനു പറഞ്ഞു. 
'രാത്രി രണ്ടു മണിക്കു ഫോണില്‍ വിളിച്ചിട്ട് ചോദിച്ചത് നിനക്ക് എത്ര രൂപ കിട്ടിയെടാ മറ്റവനേ എന്നാണ്. അതു വലിയ ക്യാംപയിന്‍ ആയിരുന്നു. കൃഷ്ണദാസിനെ സംസാരിക്കാന്‍ അനുവദിച്ചത് പണം വാങ്ങിയാണ് എന്നു പ്രചരിപ്പിച്ചു. അതേ ആളുകള്‍ ലക്ഷ്മി നായര്‍ക്കു സംസാരിക്കാന്‍ അവസരം കൊടുത്തപ്പോള്‍ മിണ്ടിയില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്താണെന്നു വച്ചാല്‍ ജിഷ്ണു കോപ്പിയടിച്ചതാണ് എന്ന കൃഷ്ണദാസിന്റെ ആരോപണം റോക്കോര്‍ഡ് ചെയ്ത രേഖയായി മാറിയിരിക്കുന്നു. അത് ആ കേസില്‍ വലിയൊരു തെളിവായി മാറും എന്നാണ് തോന്നുന്നത്. അതിനു ശേഷം അയാള്‍ ചര്‍ച്ചയ്ക്ക് ഒരിടത്തും പോയിട്ടില്ല.'-വിനു അഭിമുഖത്തില്‍ പറയുന്നു. 
ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസി എന്ന നിലയില്‍ തന്നെക്കുറിച്ചു നടക്കുന്ന പ്രചാരണത്തിനുള്ള വിശദീകരണവും വിനു നല്‍കുന്നുണ്ട്. 
'ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയാണ്. പള്ളിയില്‍ പോകുന്ന വിശ്വാസി. പക്ഷേ. സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എതിരേ മറുവിഭാഗം നിലപാടു സ്വീകരിച്ചതിനേക്കാള്‍ അഗ്രസീവ് നിലപാടാണു ഞാന്‍ എടുത്തത്. തൃക്കുന്നപ്പുഴ സെമിനാരി പ്രശ്‌നത്തില്‍ റോഡിന് അരുകില്‍ കട്ടിലിട്ട് ഓര്‍ത്തഡോക്‌സ് സഭാ പിതാവ് നിരാഹാരം തുടങ്ങിയല്ലോ? തോമാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായ പിതാവ് എന്നാണു പറയാറ്. അങ്ങനെയുള്ള പിതാവെന്തിനാണു നടുറോഡില്‍ കട്ടിലിട്ട് ഇരിക്കുന്നതെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ചോദിച്ചതു ഞാനാണ്. ഞാന്‍ വിശ്വസിക്കുന്ന സഭയുടെ പരമാധ്യക്ഷനെക്കുറിച്ച് അവരുടെ ബിഷപ്പിനോടു തന്നെയാണു ചോദിച്ചത്.'
സോണി ചെറുവത്തൂരിനെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയെന്നു പരിചയപ്പെടുത്താന്‍ ഇടയായ സാഹചര്യവും വിനു വിശദീകരിക്കുന്നുണ്ട്. ബി.ജെ.പി ചര്‍ച്ചയില്‍ പോലും പങ്കെടുക്കാന്‍ വരാതിരുന്ന കാലത്തെക്കുറിച്ചും ഇപ്പോള്‍ സി.പി.എം പക്ഷത്തുനിന്ന് ആക്രമണം നേരിടേണ്ടി വരുന്നതിനെക്കുറിച്ചും വിനു വിശദമായി സംസാരിക്കുന്നു. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍. ഓണ്‍ലൈന്‍ വരിക്കാരാകാന്‍ https://www.magzter.com/IN/Express-Network-Private-Limited/Malayalam-Vaarika/

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com