അവന് ലവ് എന്ന വാക്ക് പോലും പേടിയാണ്: റിമ

ആലപ്പുഴയില്‍ തനിക്കുണ്ടായ  അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ച് റിമ
അവന് ലവ് എന്ന വാക്ക് പോലും പേടിയാണ്: റിമ

കൊച്ചി: വളര്‍ന്നുവരുന്ന തലമുറയ്ക്ക് 'ലവ്' എന്ന വാക്കുപോലും പേടിയാണെന്ന് നടി റിമ കല്ലിങ്കല്‍. ആലപ്പുഴയില്‍ തനിക്കുണ്ടായ ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് റിമ നിലപാട് വ്യക്തമാക്കിയത്. 
ആലപ്പുഴയിലെ ഷൂട്ടിങ്ങിനിടെ ഒരാണ്‍കുട്ടി റിമയെ കാണാന്‍ വന്നു. ഓട്ടോഗ്രാഫ് ആയിരുന്നു അവന്റെ ആവശ്യം. ലവ് റിമ എന്നെഴുതി ഒപ്പിട്ടു കൊടുത്തു. അല്‍പ സമയം കഴിഞ്ഞ് അവന്‍ വീണ്ടും വന്നു. ഓട്ടോഗ്രാഫിലെ ലവ് എന്ന വാക്ക് മാറ്റിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം അല്ലെങ്കില്‍ കൂട്ടുകാര്‍ അവനെ കളിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലവ് എന്ന വാക്കിനെപ്പോലും ഭയക്കുന്ന അവസ്ഥയിലേക്കാണ് പുതുതലമുറയുടെ വളര്‍ച്ച. 
അഴീക്കല്‍, നാട്ടിക എന്നിവടങ്ങളിലുണ്ടായ സദാചാര പോലീസിങ്, യൂണിവേഴ്‌സിറ്റി കോളജില്‍ സൂര്യ ഗായത്രി, അസ്മിത, ജിജേഷ് എന്നിവര്‍ക്കെതിരെയുണ്ടായ അതിക്രമം, ഫറൂഖ് കോളജിലെ ലിംഗ വേര്‍തിരിവ്, മഹാരാജാസ് കോളജില്‍ കുട്ടികള്‍ അടുത്തിരിക്കുന്നതിനെതിരെ പ്രധാനാധ്യാപികയുടെ പരാമര്‍ശം തുടങ്ങിയവയെല്ലാം അടുത്തിടെ അരങ്ങേറിയ സംഭവങ്ങളാണ്. ഇതെല്ലാം വളര്‍ന്നുവരുന്ന സമൂഹത്തെ ആഴത്തില്‍ ബാധിക്കുന്നുണ്ട്. ആണും പെണ്ണും അടുത്തിരിക്കുന്നതില്‍, ഇടപെഴകുന്നതില്‍ എന്തോ അസ്വാഭാവികതയുണ്ടെന്നുള്ള സന്ദേശമാണ് ഈ സംഭവങ്ങളെല്ലാം കാട്ടിക്കൊടുക്കുന്നത്. 
അഴീക്കല്‍ ബീച്ചില്‍ നടന്ന സദാചാര പോലീസിങ്ങില്‍ അപമാനിതനായി യുവാവ് ആത്മഹത്യ ചെയ്യുക വരെയുണ്ടായി. മുഖ്യമന്ത്രിയും ഡിജിപിയും സദാചാര പോലീസിങ്ങിനെതിരെ സംസാരിക്കുന്നുണ്ടെങ്കിലും ഇത്തരം അക്രമങ്ങള്‍ക്കെതിരെ അടിയന്തരമായി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും റിമ ചോദിച്ചു. 
അഴീക്കല്‍ ബീച്ചില്‍ നടന്ന സംഭവത്തിലും തുടര്‍ന്നുണ്ടായ സോഷ്യല്‍ മീഡിയ ആക്രമണത്തിലും മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. എന്നിട്ടും കുറ്റവാളികള്‍ യുവാവിനും യുവതിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇത്രയും സങ്കീര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥയിലേക്ക് പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹവും പ്രണയവും കാമവും അശ്ലീലമായിത്തീരുന്നതില്‍ അതിശയിക്കേണ്ടതില്ല. ആണും പെണ്ണും കാണുന്നതും മിണ്ടുന്നതും പോലും അസ്വാഭാവികം തന്നെയായിത്തീരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com