നടപടികള്‍ നിലച്ചു; ഹാരിസണ്‍ ഭൂമി കമ്പനിയുടെ പക്കല്‍ തുടരും

രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ രണ്ടു ബ്രിട്ടിഷ് കമ്പനികള്‍ പിരിച്ചുവിട്ടതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഈ മാസം 21ന് ആണ് ഹോള്‍ഡിങ്‌സ് കമ്പനി പിരിച്ചുവിട്ടത്‌
നടപടികള്‍ നിലച്ചു; ഹാരിസണ്‍ ഭൂമി കമ്പനിയുടെ പക്കല്‍ തുടരും

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ മരവിച്ചു. ഭൂമി തിരിച്ചെടുക്കുന്നതിന് പഴുതടച്ചുള്ള നിയമനിര്‍മാണം വേണമെന്ന് നിയമോപദേശം ലഭിച്ചിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീക്കമൊന്നും നടത്തിയിട്ടില്ല. ചട്ടങ്ങള്‍ മറികടന്ന് ഭൂമി കൈവശം വച്ച കമ്പനിക്കെതിരെ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ അന്വേഷിക്കണമെന്ന, സ്‌പെഷല്‍ ഓഫിസര്‍ എംജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ തുടര്‍നടപടിയെടുത്തിട്ടില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്‌പെഷല്‍ ഓഫിസറായി നിയോഗിക്കപ്പെട്ട രാജമാണിക്യം ഹാരിസണ്‍ മലയാളം കമ്പനിക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മലയാളം പ്ലാന്റേഷന്‍സ് ഹോള്‍ഡിങ് ലിമിറ്റഡും ആംബിള്‍ഡൗണ്‍ ലിമിറ്റഡുമാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ പാരന്റ് കമ്പനികളെന്ന് രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരു കമ്പനികളും ബ്രിട്ടനിലെ കമ്പനീസ് ഹൗസില്‍ നല്‍കിയ വാര്‍ഷിക റിട്ടേണിലെ വിവരങ്ങളില്‍നിന്നാണ് രാജമാണിക്യം ഈ നിഗമനത്തില്‍ എത്തിയത്. വിദേശ കമ്പനി ഇന്ത്യയില്‍ ഭൂമി കൈവശം വയ്ക്കുന്നത് ആര്‍ബിഐ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സിബിഐയുടെയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയോ അന്വേഷണം വേണമെന്നാണ് രാജമാണിക്യം നിര്‍ദേശിച്ചത്. 

ഹാരിസണിന്റെ കൈവശമുള്ളതും കമ്പനി കൈമാറിയതുമായ എഴുപത്തി അയ്യായിരത്തോളം ഏക്കറില്‍ മുപ്പതിനായിരം ഏക്കര്‍ തിരിച്ചുപിടിച്ചുകൊണ്ട് സ്‌പെഷല്‍ ഓഫിസര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടി നിയമക്കുരുക്കുകളില്‍ പെട്ടത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ മരവിപ്പിച്ചത്. നിയമനിര്‍മാണത്തിലൂടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവാമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടും വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു ഭരണനേതൃത്വമെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഇതിനിടെ രാജമാണിക്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ രണ്ടു ബ്രിട്ടിഷ് കമ്പനികള്‍ പിരിച്ചുവിട്ടതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഈ മാസം ഇരുപത്തിയൊന്നിനാണ് മലയാളം പ്ലാന്റേഷന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് പിരിച്ചുവിട്ടിരിക്കുന്നത്. ബ്രിട്ടനിലെ കമ്പനീസ് ഹൗസ് വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആംബിള്‍ഡൗണ്‍ 2015 ഓഗസ്റ്റില്‍തന്നെ പിരിച്ചുവിട്ടതായാണ് വെബ് സൈറ്റ് പറയുന്നത്. പുതിയ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ സുഗമമായി നടത്താവുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടും ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാവുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഹോള്‍ഡിങ് കമ്പനി ഇല്ലാതായെങ്കിലും പ്ലാന്റേഷന്‍ ഭൂമി ഹാരിസണ്‍ മലയാളത്തില്‍ തന്നെ നിലനിര്‍ത്താന്‍ ഭരണനേതൃത്വത്തില്‍ ഒരു വിഭാഗം ചരടുവലിക്കുന്നതായും സൂചനകളുണ്ട്.

രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കമ്പനിയുടെ 19.72 ശതമാനം ഓഹരി മാത്രമാണ് വിദേശത്തെ ഉടമകള്‍ക്കു നല്‍കിയതെന്നുമാണ് ഹാരിസണ്‍ മലയാളം അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത് നിയമപ്രകാരമാണെന്നും പിന്നീട് ഈ ഓഹരികള്‍ ഇന്ത്യന്‍ ഉടമകളിലേക്കു മാറ്റിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com