മലയാള സിനിമ രണ്ടു തട്ടിലേക്ക്; വരാനിരിക്കുന്നത് പ്രതിസന്ധിയല്ല, കടുത്ത മത്സരം

ന്യൂജനറേഷന്‍കാര്‍ പരമ്പരാഗത രീതികളെ പൊളിച്ചെഴുതി സിനിമയെ കാണികള്‍ക്കിടയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിച്ചു
മലയാള സിനിമ രണ്ടു തട്ടിലേക്ക്; വരാനിരിക്കുന്നത് പ്രതിസന്ധിയല്ല, കടുത്ത മത്സരം

കൊച്ചി: മലയാള സിനിമ രണ്ടുതട്ടിലേക്ക് വഴി പിരിയുന്നതിനുള്ള സാധ്യതകളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം, വനിതാ കൂട്ടായ്മയുടെ ഉദയം, ചില സംവിധായകര്‍ക്കു നേരെയുള്ള അപ്രഖ്യാപിത വിലക്ക് എന്നിവയാണ് മലയാള സിനിമയെ രണ്ടുതട്ടിലേക്ക് ചേരിതിരിക്കുന്നത്. എന്നാല്‍ പ്രതിസന്ധിയല്ല, മറിച്ച് കടുത്ത മത്സരമായിരിക്കും നടക്കാന്‍ പോകുന്നത് എന്നാണ് സിനിമാനിരൂപകരുടെ വിലയിരുത്തല്‍.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍നിന്നാണ് സിനിമയുടെ ചേരിതിരിവിന്റെ തുടക്കം എന്ന് പ്രായോഗികമായി പറയാന്‍ വയ്യെങ്കിലും അത് ഒരു നിമിത്തമായിരുന്നു എന്നുവേണം കരുതാന്‍. മലയാള സിനിമയില്‍ ദേശത്തിന്റെയോ ജാതിയുടെയോ ചേരിതിരിവ് ഉണ്ടായിട്ടുണ്ടെന്ന് തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. അതില്‍ സത്യാവസ്ഥയുമുണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു. എന്നാല്‍ മലയാള സിനിമ ന്യൂജനറേഷന്‍ കാലത്തെത്തിയപ്പോള്‍ സിനിമയുടെ ചേരിതിരിവ് മറ്റൊരു രൂപത്തിലായെന്നുമാത്രം. ന്യൂജനറേഷന്‍കാര്‍ പരമ്പരാഗത രീതികളെ പൊളിച്ചെഴുതി സിനിമയെ കാണികള്‍ക്കിടയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിച്ചു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാതെ പഴയ ചേരുവകളുമായി വീണ്ടും സിനിമയിറക്കി പരീക്ഷണം നടത്താന്‍ പഴയ തലമുറയിലുള്ളവരും ശ്രമിച്ചു. ചില ഹിറ്റുകള്‍ കൊണ്ട് അത് സ്ഥാപിച്ചെടുക്കാന്‍ അവര്‍ക്കുമായി.
ഈ കാലഘട്ടത്തിലാണ് നടി ആക്രമിക്കപ്പെടുന്നത്. മലയാള സിനിമ ഒന്നടങ്കം നടിയ്ക്കുണ്ടായ മനോവിഷമത്തിനും ധൈര്യപൂര്‍വ്വമായ ഇടപെടലിനും ഒപ്പം നിന്നു. പക്ഷെ, കാര്യങ്ങള്‍ മാറിമറിഞ്ഞു. ജനപ്രിയ നടന്‍ എന്നവകാശപ്പെടുന്ന പ്രമുഖ നടനിലേക്ക് ഗൂഢാലോചനയുടെ കുന്തമുന നീണ്ടപ്പോള്‍ മലയാളസിനിമ ആര്‍ക്കൊപ്പം നില്‍ക്കും എന്ന ചോദ്യം ഉയര്‍ന്നുവന്നു.
ഈ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയുടെ ഉദയമുണ്ടാകുന്നത്. സാഹചര്യമായിരുന്നു ഇവിടെ പ്രധാനമാകുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാഗത്തുനിന്നും ആദ്യം ഉയര്‍ന്നുവന്ന ആവേശം പ്രമുഖ നടന്റെ പേര് ഉയര്‍ന്നുവന്നതോടെ ഇല്ലാതായി എന്ന സൂചനയില്‍നിന്നാണ് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന വനിതകൂട്ടായ്മ രൂപപ്പെടുന്നത്. നായികാപ്രാധാന്യമുള്ള ടെയ്ക്ക് ഓഫ് എന്ന ചിത്രത്തില്‍ നായികയായ പാര്‍വ്വതിയ്ക്ക് ലഭിച്ച തുകയും കുറഞ്ഞ സമയങ്ങളില്‍മാത്രം എത്തിയ നായകനടന്മാര്‍ക്ക് ലഭിച്ച തുകയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഈ സമയത്ത് പാര്‍വ്വതിതന്നെ പറയുകയുണ്ടായി. പുരുഷാധികാരമാണ് സിനിമയെയും അമ്മ എന്ന സംഘടനയെയും നയിക്കുന്നത് എന്ന തുറന്നപറച്ചിലിന്റെ ആരംഭമായിരുന്നു വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന. മറ്റൊരര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ട നടിയെയല്ല, ആരോപണവിധേയനായ നടനെയാണ് സംരക്ഷിക്കുക എന്ന സൂചന ഈ സംഘടന നേരത്തെതന്നെ നല്‍കിയിരുന്നു.
വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയുടെ ഇടപെടലിനെ ഒരു വിഭാഗം ഭയപ്പെട്ടപ്പോള്‍ മറ്റൊരു വിഭാഗം അവര്‍ക്കൊപ്പമുണ്ടായിരുന്നു. രാജീവ് രവി, ആഷിഖ് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍ തുടങ്ങിയ സംവിധായകര്‍ ഈ കൂട്ടായ്മയ്ക്ക് മനസ്സുകൊണ്ട് പിന്തുണ അര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന അമ്മ യോഗത്തോടെയാണ് സിനിമയിലെ ചേരിതിരിവ് പ്രകടമായി പുറത്തുവന്നത്. ജനാധിപത്യരീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ഇടം ലഭിച്ചില്ലെന്നും സംഘടനയുടെ ഭാഗത്തുനിന്നും ഏകാധിപത്യപ്രവണതയാണ് ഉണ്ടായതെന്നും ഒരു സംഘത്തിന് വ്യക്തമായ അഭിപ്രായമുണ്ട്. സംഘടനയില്‍ അടിയുണ്ടാക്കുകയല്ല; മറിച്ച് തങ്ങളുടെ നിലപാടിനോട് യോജിക്കുന്ന സംഘടനയോ സംഘങ്ങളോ ഉണ്ടായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ന്യൂജനറേഷന്‍ അഭിനേതാക്കളില്‍ ഭൂരിഭാഗത്തിന്റെയും തീരുമാനം.
അപ്രഖ്യാപിത വിലക്ക് സിഐഎയില്‍നിന്നുതുടങ്ങിയതോടെയാണ് മലയാള സിനിമ രണ്ടുചേരിയിലേക്കുള്ള വാതില്‍ പൂര്‍ണ്ണമായും തുറക്കപ്പെട്ടത്. നിങ്ങളുടെ വിലക്കിന്റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും നോക്കിക്കോളാം എന്ന് ആഷിഖ് അബു പരസ്യമായി പ്രതികരിച്ചതോടെ ഈ ചേരിതിരിവ് പ്രതിസന്ധിയിലേക്കല്ല, മത്സരത്തിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കുകയാണ്. അങ്ങനെയാണെങ്കില്‍ മഹാനടന്മാരും ജനപ്രിയനടന്മാരും ആരുടെ ഒപ്പം നില്‍ക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. മഹാനടന്മാര്‍ അമ്മ യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ഇരുന്ന ഇരിപ്പുതന്നെയായിരിക്കും കൈക്കൊള്ളുക. ആരെയും പിണക്കാത്ത നിലപാട്. ഇതേ നിലപാട് കൈക്കൊള്ളുന്ന മറ്റു സിനിമാപ്രവര്‍ത്തകര്‍ സിനിമയുടെ കാമ്പും ആള്‍ബലവും നോക്കി മാറിമറിയുകയും ചെയ്‌തേക്കാം. മറ്റു ചിലര്‍ ഈ ചേരികളിലൊന്നും പെടാതെ സിനിമയുമായി മുന്നോട്ടുപോകുകയും ചെയ്യും.
നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും തങ്ങള്‍ക്ക് സാധിക്കും എന്ന മുന്നറിയിപ്പോടെയാണ് ആഷിഖ് അബു വിലക്കിനെതിരെ പ്രതികരിച്ചത്. ഇതൊരു പുതിയ സംഘത്തിനുള്ള സാധ്യതകളാണ് തെളിയിക്കുന്നത്. മാത്രമല്ല നല്ല സിനിമകള്‍ നല്‍കിക്കൊണ്ട് സിനിമാമേഖലയില്‍ ശക്തമായ പ്രേക്ഷകപിന്തുണയും ഈ സംഘത്തിനുണ്ട് എന്നത് വ്യക്തമാണ്. ഇതെല്ലാം വഴിതെളിയിക്കുന്നത് സിനിമാമേഖല രണ്ടു തട്ടിലേക്കുള്ള യാത്രയിലാണെന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com