ഡെങ്കിപ്പനി: കോഴിക്കോട് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം സന്തോഷ് റിന്റ ദമ്പതികളുടെ മകനാണ് മരിച്ചത്.
ഡെങ്കിപ്പനി: കോഴിക്കോട് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം സന്തോഷ് റിന്റ ദമ്പതികളുടെ മകനാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു കുഞ്ഞ്. 

ഇന്നലെ ബാലരാമപുരത്ത് ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചിരുന്നു. പള്ളിച്ചല്‍ കേളേശ്വരം വീണഭവനില്‍ പ്രസാദിന്റെ ഭാര്യ വീണ പ്രസാദ് (24) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ കുറേദിവസമായി ഡെങ്കിപ്പനി ബാധിച്ച് കല്ലിയൂര്‍ തെറ്റിവിള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.

മഴ ശക്തമായതോടെ സംസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയിലാണ്. ആറുമാസത്തിനിടെ കുഞ്ഞുങ്ങളടക്കം സംസ്ഥാനത്ത് പനിപിടിച്ചുമരിച്ചത് 150 പേരാണ്. ഫെബ്രുവരിയില്‍ തുടങ്ങേണ്ടിയിരുന്ന മഴക്കാലപൂര്‍വ ശുചീകരണം പാളിയതാണ് ഇത്തവണ പനിമരണങ്ങള്‍ കൂടാന്‍ കാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇപ്പോഴും കൊതുകുനശീകരണം കാര്യക്ഷമമല്ല. മാലിന്യ നിര്‍മാര്‍ജനത്തിനുമാത്രമാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരസഭകളില്‍പോലും ഫോഗിങ്ങും കാര്യമായി നടക്കുന്നില്ല.

2003ലാണ് കേരളത്തില്‍ ഡെങ്കിപ്പനി മരണം  വ്യാപകമായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം ഇത് തുടര്‍ന്നു. കാര്യമായ മുന്നൊരുക്കമില്ലാത്തതാണ് മരണനിരക്ക് കൂട്ടുന്നത്. ഡെങ്കിപ്പനിയെ മുന്നില്‍ക്കണ്ട്് 4.48 ലക്ഷം ഗുളികകളാണ് ഇക്കൊല്ലം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങാനിരുന്നത്. എന്നാല്‍, 5.32 ലക്ഷത്തോളം ഇതിനകം വാങ്ങിക്കഴിഞ്ഞു. 22,700 ഗുളികകള്‍ ഇപ്പോള്‍ സംസ്ഥാനത്ത് വിതരണത്തിനായുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com