നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയുണ്ടോ? നോ കമന്റ്‌സ് എന്ന് ലോക്‌നാഥ് ബെഹറ

വിശദാംശങ്ങളിലേക്കു പോവാനാവില്ലെന്ന് ബെഹറ
നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയുണ്ടോ? നോ കമന്റ്‌സ് എന്ന് ലോക്‌നാഥ് ബെഹറ


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഗുഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ. ഇക്കാര്യത്തല്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു ബെഹറയുടെ മറുപടി.

ഏതു കേസിലും ഗൂഢാലോചന തെളിയിക്കുന്നത് പ്രയാസമേറിയ കാര്യമാണ്. ഇതിന് വ്യക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇത്തരം ശാസ്ത്രീയമായ തെളിവുകള്‍ സഹിതമായിരിക്കും ഇതില്‍ വേണ്ടിവന്നാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് ബെഹറ പറഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവുകള്‍ പൊലീസിനു കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം വിശദാംശങ്ങളിലേക്കു പോവാനാവില്ലെന്ന് ബെഹറ പറഞ്ഞു.

ആവശ്യമെങ്കില്‍ മാത്രമാണ് ഏതു കേസിലും അറസ്റ്റ് നടത്തുക. സുപ്രീം കോടതി തന്നെ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ കേസിലും ആവശ്യമെങ്കില്‍ മാത്രമേ അറസ്റ്റിലേക്കു കടക്കൂ. അന്വേഷണം മികച്ച ഏകോപനത്തോടയാണ് മുന്നോട്ടുപോവുന്നത്. താന്‍ പരിശോധിച്ചിടത്തോളം തൃപ്തികരമാണ് അന്വേഷണം. ഏകോപനത്തിന്റെ പോരായ്മയുണ്ടെന്ന മുന്‍ പൊലീസ് മേധാവി സെന്‍കുമാറിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. അതിനെ താന്‍ ബഹുമാനിക്കുന്നുവെന്നും ബെഹറ പറഞ്ഞു.

ഒന്നോ രണ്ടോ ദിവസം കൊണ്ട് കേസ് അവസാനിപ്പിക്കുമെന്നോ അന്വേഷണം പൂര്‍ത്തിയാക്കാനാവുമെന്നോ പറയാനാവില്ല. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com