സഭാ തര്‍ക്കം: യാക്കോബായ സഭയ്ക്ക് തിരിച്ചടി; പളളി ഭരണം 1934ലെ ഭരണഘടന പ്രകാരമെന്ന് സുപ്രീം കോടതി

1913ലെ ഉടമ്പടി അനുസരിച്ചായിരിക്കണം പളളികളിലെ ഭരണം നടത്തേണ്ടത് എന്നായിരുന്നു യാക്കോബായ സഭയുടെ വാദം
സഭാ തര്‍ക്കം: യാക്കോബായ സഭയ്ക്ക് തിരിച്ചടി; പളളി ഭരണം 1934ലെ ഭരണഘടന പ്രകാരമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി; മലങ്കര സഭയിലെ പള്ളികളിലെ ഭരണം സംബന്ധിച്ച കേസില്‍ യാക്കോബായ വിഭാഗത്തിന് തിരിച്ചടി. മലങ്കര സഭയുടെ 1934ലെ ഭരണഘടന അനുസരിച്ചാണ് പള്ളികള്‍ ഭരിക്കേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് 1995ലെ വിധി സുപ്രിം കോടതി ശരിവച്ചു.

1995ലെ വിധിയില്‍ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് തള്ളിയിരിക്കുന്നത്. 1913ലെ ഉടമ്പടി അനുസരിച്ചായിരിക്കണം പളളികളിലെ ഭരണം നടത്തേണ്ടത് എന്നായിരുന്നു യാക്കോബായ സഭയുടെ വാദം. ഇതു കോടതി തള്ളിയതോടെ മലങ്കര സഭയിലെ പള്ളികളിലെ ഭരണത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മേല്‍ക്കൈ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് ഇരുപക്ഷവും തമ്മില്‍ പ്രധാനമായും തര്‍ക്കമുണ്ടായിരുന്നത്. പള്ളികളുടെ ഉടമസ്ഥ അവകാശവും ആരാധനാക്രമവും ആയി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങള്‍. യാക്കോബായ വിഭാഗത്തിന്റെ വാദം തള്ളിയതോടെ 1934ലെ ഭരണഘടന പ്രകാരം അതതു പള്ളികളില്‍ ഭൂരിപക്ഷം വരുന്ന വിഭാഗത്തി്‌ന്റെ വിശ്വാസത്തിന് അനുസരിച്ച് ആരാധനാക്രമം പിന്തുടരാനാവും.

1995 ല്‍ ജസ്റ്റിസുമാരായ ആര്‍ എം സഹായി, ബി പി ജീവന്‍ റെഡ്ഡി, എസ് സി സെന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സഭാ തര്‍ക്ക കേസില്‍ സുപ്രധാനമായ വിധി പ്രസ്താവിച്ചിരുന്നു. 1934 ലെ ഭരണഘടന പ്രകാരം മലങ്കര സഭയുടെ പള്ളികള്‍ ഭരിക്കണം എന്നാണ് 1995 ല്‍ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com