നഴ്‌സുമാരുടെ സമരം: ചര്‍ച്ച നടന്നു, സമരം തുടരും
By സമകാലികമലയാളം ഡെസ്‌ക് | Published: 04th July 2017 09:41 PM |
Last Updated: 04th July 2017 09:41 PM | A+A A- |

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ വേതനവര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച് സമരം നടന്നു വരുകയാണ്. ഇന്ന് സമരത്തിലുള്ള നഴ്‌സുമാരുടെ സംഘടനകളുമായി തൊഴില്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചയ്ക്ക് ശേഷം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ വേതനവര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. എന്നാല്‍ ശമ്പളവര്‍ധനവ് സംബന്ധിച്ച് നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് നഴ്‌സിങ് അസോസിയേഷനുകളുടെ തീരുമാനം.
അതേസമയം ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സംഘടന പ്രതിനിധികളെയും മന്ത്രി നേരില്‍കേള്‍ക്കും. മാനേജ്‌മെന്റ് പ്രതിനിധികളുടെ അഭിപ്രായംകൂടി പരിഗണിച്ച് തൊഴിലാളികളുടെ അര്‍ഹതപ്പെട്ട ആനുകൂല്യം ഉറപ്പാക്കാനും കുറഞ്ഞ വേതനം പുതുക്കിനിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ചൊവ്വാഴ്ച രാവിലെ മന്ത്രിയുമായി ചര്‍ച്ച നടത്തിയ ഇന്ത്യന്‍ നഴ്‌സസ് അസോ.(ഐഎന്‍എ) ഭാരവാഹികള്‍ സുപ്രീകോടതി വിധിപ്രകാരമുള്ള ശമ്പളപരിഷ്‌കരണമാണ് നടപ്പാക്കേണ്ടതെന്ന് ആവശ്യപ്പെട്ടു. മിനിമം വേജസ് ആക്ട് പ്രകാരമുള്ള വേതനവര്‍ധന സ്വീകാര്യമല്ലെന്നും അവര്‍ പറഞ്ഞു. മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം ഈ മാസം എട്ടിന് കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ തുടങ്ങാനിരുന്ന പണിമുടക്ക് സമരം 11ലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 10ന് നടക്കുന്ന യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ 11ന് പണിമുടക്ക് സമരവുമായി മുന്നോട്ടുപോകും.