സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനി; കോടതിയില്‍നിന്ന് മാധ്യമങ്ങളെ മാറ്റിനിര്‍ത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th July 2017 10:42 AM |
Last Updated: 04th July 2017 12:21 PM | A+A A- |

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പ്രതി സുനില്‍ കുമാര്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്കു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സുനില്‍ കുമാറിന്റെ പ്രതികരണം.
മാധ്യമങ്ങളില്‍നിന്ന് അകറ്റിയായിരുന്നു സുനില്‍ കുമാറിനെ പൊലീസ് കോടതിയില്‍ എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലില്‍നിന്ന് പുറത്തെത്തിച്ചപ്പോഴും അങ്കമാലിയില്‍ കോടതി മുറിയിലേക്കു കയറ്റുമ്പോഴും സുനില്‍കുമാര്‍ മാധ്യമങ്ങളോടു പ്രതികരിക്കാതിരിക്കാന്‍ പൊലീസ് ശ്രമിച്ചു. ജില്ലാ ജയിലിനു പുറത്തു വച്ച് ചില കടലാസുകള്‍ സുനില്‍ കുമാര്‍ ഉയര്‍ത്തിക്കാണിച്ചെങ്കിലും ഇത് എന്താണെന്നു വ്യക്തമല്ല.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മുറിക്കു തൊട്ടടുത്തുവരെ വാഹനം എത്തിച്ചാണ് പൊലീസ് സുനില്‍കുമാറിനെ ഹാജരാക്കിയത്. മാധ്യമങ്ങളെ പരമാവധി ഒഴിവാക്കാനായിരുന്നു ശ്രമം. ഇവിടെവച്ച് വാഹനത്തിന്റെ വാതില്‍ തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങളുമായി വളഞ്ഞു. കേസില്‍ ഗൂഢാലോചനയുണ്ടോ, ദിലീപിന്റെ പേരു പറഞ്ഞിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നു മാത്രമായിരുന്നു സുനില്‍കുമാറിന്റെ മറുപടി. കൂടുതല്‍ സംസാരിക്കും മുമ്പ് സുനിയെ പൊലീസ് കോടതി മുറിയില്‍ എത്തിച്ചു.
റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ കോടതി മുറിയിലേക്കു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിച്ചു. സുരക്ഷ കണക്കിലെടുത്താണ് മാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുന്നത് എന്നാണ് വിശദീീകരണം.