ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യ സാധ്യത ആരായുന്നു, അഭിഭാഷകരുമായി ചര്‍ച്ച നടത്തി

കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായും ഏതു സമയവും അറസറ്റ് ഉണ്ടാവുമെന്നും വാര്‍ത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇരുവരും നിയമോപദേശം തേടിയത്
ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യ സാധ്യത ആരായുന്നു, അഭിഭാഷകരുമായി ചര്‍ച്ച നടത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയരായ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും മുന്‍കൂര്‍ ജാമ്യ സാധ്യത ആരായുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് ഇവര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. കേസിന്റെ തുടര്‍ നടപടി സംബന്ധിച്ച് ഇരുവരും അഭിഭാഷകരുമായി ചര്‍ച്ച നടത്തി. 

കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായും ഏതു സമയവും അറസറ്റ് ഉണ്ടാവുമെന്നും വാര്‍ത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇരുവരും നിയമോപദേശം തേടിയത്. സംഭവത്തില്‍ പങ്കില്ലെന്നും അതുകൊണ്ടുതന്നെ നിയമ നടപടികളെ ഭയക്കുന്നില്ലെന്നുമാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സംശയത്തിന്റെ പേരിലുള്ള അറസ്റ്റ് പൊതുമധ്യത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും അത് ഒഴിവാക്കുന്നതിനുള്ള സാധ്യതയാണ് അഭിഭാഷകരോട് ആരാഞ്ഞതെന്നും അവര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. എംകെ ദാമോദരന്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരെയാണ് ബന്ധപ്പെട്ടത്.

ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നത് ബുദ്ധിയാവില്ല എന്ന ഉപേദശമാണ് നിയമവിദഗ്ധര്‍ ഇരുവര്‍ക്കും നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് മെയില്‍ പരാതിയില്‍ കാര്യക്ഷമായ അന്വേഷണം നടന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്ന കാര്യവും ഇവര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഇതു പൊലീസിനെ പ്രകോപിപ്പിക്കുന്ന നടപടിയാവും, ഒഴിവാക്കുന്നതാവും ഉചിതം എന്ന മറുപടിയാണ് നിയമവിദഗ്ധരില്‍ നിന്നു ലഭിച്ചതും സൂചനകളുണ്ട്.

അതേസമയം ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനു തക്ക തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പള്‍സര്‍ സുനി ജയിലില്‍നിന്ന് അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ സംസാരിച്ചത് ദിലീപ് ആണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ഇതു തെളിയിക്കാന്‍ തക്ക വസ്തുതകളൊന്നും പൊലീസിന്റെ പക്കിലില്ല. ഒരു മൊഴി മാത്രം വച്ച് ഈ നിഗമനവുമായി മുന്നോട്ടുപോവുന്നത് കേസില്‍ ഗുണം ചെയില്ലെന്ന് അന്വേഷണ സംഘത്തിലെ തന്നെ ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ തെളിവുകള്‍ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പൊലീസ്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തില്‍ പൊലീസ് ഇപ്പോഴും നിലപാടു വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഡിജിപി ലോക്‌നാഥ് ബെഹറ പറഞ്ഞത് ഇപ്പോള്‍ അതു സംബന്ധിച്ച ഒന്നും പറയാനാവില്ലെന്നാണ്. അറസ്റ്റിലേക്ക് നീങ്ങുന്നതിനുളള തെളിവുകള്‍ പൊലീസ് ശേഖരിച്ചതായാണല്ലോ റിപ്പോര്‍ട്ടുകള്‍ എന്ന ചോദ്യത്തിനും ഒന്നും വിട്ടുപറയാത്ത തരത്തിലായിരുന്നു ബെഹറയുടെ പ്രതികരണം. ഗൂഢാലോചന തെളിയിക്കുക എന്നത് ഏതു കേസിലും പ്രയാസമാണെന്നും അതിനു സമയമെടുക്കുമെന്നുമാണ് ബെഹ്‌റ വ്യക്തമാക്കിയത്. എന്നാല്‍ പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചയായ കേസ് എന്ന നിലയില്‍ അന്വേഷണം നീണ്ടുപോവുന്നത് വിമര്‍ശനത്തിന് ഇടയാക്കും എന്ന ആശങ്കയും പൊലീസിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com