സുനിയുടെ റിമാന്‍ഡ് നീട്ടി, ജയിലില്‍ സുനിയെ കാണാന്‍ പഴയ അഭിഭാഷകന്‍ പല തവണ വന്നതായി രേഖകള്‍

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഈ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നായിരുന്നു സുനി ആദ്യം പൊലീസിനോടു പറഞ്ഞത്. 
സുനിയുടെ റിമാന്‍ഡ് നീട്ടി, ജയിലില്‍ സുനിയെ കാണാന്‍ പഴയ അഭിഭാഷകന്‍ പല തവണ വന്നതായി രേഖകള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ റിമാന്‍ഡ് ഈ മാസം 18 വരെ നീട്ടി. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് ഇന്ന് പൊലീസ് സുനില്‍ കുമാറിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സുനില്‍ കുമാര്‍ ജാമ്യാപേക്ഷ നല്‍കാത്ത സഹചര്യത്തില്‍ കോടതി റിമാന്‍ഡ് നീട്ടുകയായിരുന്നു.

അതിനിടെ സുനില്‍ കുമാര്‍ തടവില്‍ കഴിയുന്ന കാക്കനാട്ടെ ജില്ലാ ജയില്‍ സെല്ലില്‍ പൊലീസ് പരിശോധന നടത്തി. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. ജയിലിലെ സന്ദര്‍ശക രജിസ്റ്ററും അന്വേഷണ സംഘം പരിശോധിച്ചു. അഭിഭാഷകനായ പ്രതീഷ് ചാക്കോ പല തവണ സുനിയെ കാണാന്‍ ജയലില്‍ എത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഈ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നായിരുന്നു സുനി ആദ്യം പൊലീസിനോടു പറഞ്ഞത്. 

ജയിലില്‍ വച്ച് തനിക്കു മര്‍ദനമേറ്റെന്നു സുനില്‍ കുമാര്‍ കോടതിയില്‍ അറിയിച്ചു. ജയില്‍ ഡോക്ടര്‍ക്ക് ഇക്കാര്യം അറിയാമെന്നും സുനി പറഞ്ഞി. ഇതിനെത്തുടര്‍ന്ന് കോടതി ജയില്‍ ഡോക്ടറെ വിസ്തരിച്ചു. മര്‍ദനമേറ്റെന്ന സുനിയുടെ വാദം ഡോക്ടര്‍ നിഷേധിച്ചു. മര്‍ദനമേറ്റകാര്യം തനിക്ക് അറിയില്ലെന്നും ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

അതിനിടെ സുനിയുടെ വക്കാലത്ത് സംബന്ധിച്ച് കോടതിയില്‍ വാക്കു തര്‍ക്കമുണ്ടായി. അഡ്വ. ടെനിയാണ് നിലവില്‍ സുനിയുടെ വക്കീല്‍. വക്കാലത്ത് എടുക്കുന്നതിനായി അഡ്വ. ബിഎ ആളൂര്‍ എത്തിയതാണ് തര്‍ക്കത്തിനു വഴിവച്ചത്. വക്കാലത്ത് ആളൂരിനു നല്‍കണമെന്ന് സുനി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആളൂര്‍ എങ്ങനെയാണ് സുനിയെ ജയിലില്‍ കണ്ടതെന്നും എപ്പോഴാണ് വക്കാലത്ത് ഒപ്പിട്ടുനല്‍കിയതെന്നും ടെനി ചോദിച്ചു. 

കേസുമായി ബന്ധപ്പെട്ട് കാക്കനാട്ട് ജില്ലാ ജയലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സുനില്‍ കുമാര്‍ കിടന്ന സെല്ലിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് നടപടി.

കേസില്‍ രണ്ടു ദിവസത്തിനകം വഴിത്തിരിവ് ഉണ്ടാവുമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടാവുമെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com