1600 ഏക്കര്‍ വനഭൂമി വൈദ്യുതി മന്ത്രിയുടെ സഹാദരനുള്‍പ്പടെയുള്ളവര്‍ കയ്യേറി; ഒഴിപ്പിക്കണമെന്ന് റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ സ്ഥലം മാറ്റി

1600 ഏക്കര്‍ വനഭൂമി വൈദ്യുതി മന്ത്രിയുടെ സഹാദരനുള്‍പ്പടെയുള്ളവര്‍ കയ്യേറി; ഒഴിപ്പിക്കണമെന്ന് റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ സ്ഥലം മാറ്റി

മൂന്നാര്‍:  ചിന്നക്കനാല്‍, ബൈസണ്‍ വാലി വില്ലേജ് എന്നിവിടങ്ങളിലായി ഇടുക്കിയിലെ വമ്പന്‍ സ്രാവുകള്‍ കയ്യേറിയിരിക്കുന്ന 1200 ഓളം ഏക്കര്‍ വനഭൂമി വനം വകുപ്പിനു തന്നെ തിരിച്ചു നല്‍കാനുള്ള ശുപാര്‍ശ നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്. 


കഴിഞ്ഞയാഴ്ച ഈ സ്ഥലം വനം വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ചു വെങ്കിട്ടരാമന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്കു വിശദമായ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പരിഹാര്യ വനത്കരണ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്.

പരിഹാര്യ വനവല്‍ക്കരണ സ്‌കീമുമായി ബന്ധപ്പെട്ട് ദേവികുളം സബ്കലക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിലുള്ള വിശദാംശങ്ങള്‍ പരിശോധിച്ചു വരുന്നതേയൊള്ളൂവെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജിആര്‍ ഗോകുല്‍ വ്യക്തമാക്കി.

സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംബോദരന്‍, ചിന്നക്കനാലില്‍ വന്‍ കയ്യേറ്റം നടത്തിയതായി ആരോപണം നേരിടുന്ന സക്കരിയ ജോസഫിന്റെ മകന്‍ ജിമ്മി സക്കരിയ, ലേബര്‍ ഇന്ത്യ ഗ്രൂപ്പിന്റെ സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ക്കൊപ്പം രാഷ്ട്രീയക്കാരും റിസോര്‍ട്ടുടമകളുമാണ് ഈ ഭൂമി കയ്യേറിയിരിക്കുന്നത്.

ജിഎപി റോഡിലുള്ള ആറു ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുന്ന എംഎം ലംബോദരന്റെ മകന്‍ ലെജീഷ് മൂന്നാറിലെ ഭൂമി തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ടു മൂന്നാര്‍ ട്രൈബ്യൂണലിനു പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 

അതേസമയം, കൈവശം വെച്ചിരുന്ന 17 ഏക്കറില്‍ 12 ഏക്കര്‍ ഭൂമി ജിമ്മി സക്കരിയ ഡെല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിക്കു വില്‍പ്പന നടത്തിയിട്ടുണ്ട്. വ്യാജ രേഖകളുണ്ടാക്കിയാണ് വില്‍പ്പനനടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേ പട്ടയം നമ്പറില്‍ രണ്ടിടത്തു ജിമ്മി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്തുള്ള 32 ഏക്കറോളം ഭൂമി ജിമ്മിയുടെ ബിനാമികള്‍ സ്വന്തം പേരിലാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇവരുടെ വാദം സര്‍ക്കാര്‍ തള്ളി. നീലക്കുറുഞ്ഞി പൂക്കുന്ന സ്ഥലമടക്കമുള്ളവയാണ് ബിനാമികളുടെ പേരിലും ബന്ധുക്കളുടെ പേരിലും രാഷ്ട്രീയ നേതാക്കള്‍ കൈവശം വെച്ചിരിക്കുന്നത്.

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിലുള്ള രണ്ടു കെട്ടിടങ്ങള്‍ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെങ്കിലും ഭൂമി കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com