എല്ലാം ശരിയാക്കാന്‍ ആരുവരും?  സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ഊര്‍ജവുമാണെന്ന് ഹൈക്കോടതി
എല്ലാം ശരിയാക്കാന്‍ ആരുവരും?  സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: എല്ലാം ശരിയാവുമെന്നു പരസ്യപ്രചാരണം നടത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് അതേ പരസ്യവാചകം ഉദ്ധരിച്ച് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എല്ലാം ശരിയാക്കാന്‍ ആരുവരുമെന്ന് മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ കേസ് ലൈ ഡെയ്ല്‍സ് കേസ് വിധിയില്‍ ഹൈക്കോടതി ചോദിച്ചു. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ഊര്‍ജവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

മൂന്നാറിലെ ഏറെ വിവാദമായ 22 സെന്റിലെ ലൗ ഡെയ്ല്‍സ് റിസോര്‍ട്ടിന്റെ കേസിന്റെ വിധിപ്പകര്‍പ്പിലാണ് കോടതിയുടെ കടുത്ത വിമര്‍ശനങ്ങളുളളത്. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഒട്ടേറെ വിധികള്‍ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതു താത്പര്യത്തിന് വിരുദ്ധമാണ്. സര്‍ക്കാരിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജ്ജവവുമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

മൂന്നാറില്‍ അനധികൃതമായി കൈവശം വച്ച് സ്വകാര്യ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന കെട്ടിടവും സ്ഥലവും ഏറ്റെടുക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് ഹൈക്കോടതി കഴിഞ്ഞദിവസം ശരിവെച്ചിരുന്നു. സ്വകാര്യ ഹോംസ്‌റ്റേനടത്തുന്ന വി വി ജോര്‍ജിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഉത്തരവ്. കെട്ടിടം ഉള്‍പ്പെടെയുള്ള 22 സെന്റ് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഭൂമിയില്‍ സര്‍ക്കാരിനാണ് പരിപൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാല സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധിക്ക് ശേഷം വിവി ജോര്‍ജിന് മറിച്ച് വില്‍ക്കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചതില്‍നിന്നും ബോധ്യപ്പെട്ട് സബ് കലക്ടര്‍ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിക്കു പിന്നാലെ ഒഴിപ്പിക്കല്‍ നടപടിക്കു നേതൃത്വം നല്‍കിയ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. ഇതില്‍ സര്‍ക്കാരിനെതിരെ വിര്‍ശനം കടുക്കുന്നതിന് ഇടയിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com