ലോക ബാങ്ക് ഉദ്യോഗസ്ഥനെതിരെ മന്ത്രി ജി.സുധാകരന്റെ വംശീയ അധിക്ഷേപം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2017 10:58 AM  |  

Last Updated: 06th July 2017 06:12 PM  |   A+A-   |  

dc-Cover-cfa7g0t0mq9upjq6b1tu8fdrr0-20160519053200

ലോക ബാങ്ക് ഉദ്യോഗസ്ഥനെതിരെ മന്ത്രി ജി.സുധാകരന്റെ വര്‍ണവെറി അധിക്ഷേപം. ലോക ബാങ്കിന്റെ സഹായത്തോടെ നിര്‍മ്മാണം നടക്കുന്ന കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് റോഡിന്റെ നിര്‍മാണം വിലയിരുത്താന്‍ എത്തിയ ലോക ബാങ്ക് പ്രതിനിധി ഡോ.ബെര്‍ണാഡ് അരിട്വയ്ക്ക് നേരെയായിരുന്നു മന്ത്രിയുടെ വംശീയ അധിക്ഷേപം. 

''താന്‍ മന്ത്രിയായതിന് ശേഷം നാല് തവണ ലോക ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കണ്ടു. ഇതിന്റെ ഇവിടുത്തെ നേതാവ് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ്. എന്നുവെച്ചാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ വംശം. നൂറ്റാണ്ടിന് മുന്‍പ് അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടുവന്ന് പണിച്ചെയ്യിപ്പിച്ചിരുന്ന നീഗ്രോ വംശം. അടിമത്വം അവസാനിച്ചപ്പോള്‍ ഇവര്‍ സ്വതന്ത്രരായി. അതിലൊരാള്‍ ഇപ്പോള്‍ ഉദ്യോഗസ്ഥനുമായി'' എന്നായിരുന്നു മന്ത്രി സുധാകരന്റെ വാക്കുകള്‍. 

കാസര്‍കോട് പൊതുമരാമത്ത് പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ''ലോക ബാങ്ക് എന്നാല്‍ അമേരിക്കയാണ്. അമേരിക്ക ഉണ്ടാകുന്നതിന് മുന്‍പേ കേരളം ഉണ്ട്. വായ്പ പിന്‍വലിക്കും എന്ന് പറഞ്ഞ് പേടിപ്പിക്കുകയൊന്നും വേണ്ട്. കെഎസ്ടിപി പദ്ധതികള്‍ ഇഴയുന്നതിന് കാരണം ലോക ബാങ്കിന്റെ അനാസ്ഥയാണെന്നും'' സുധാകരന്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ തര്‍ജിമയോടെ മന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിച്ചതോടെ പരാതി കൊടുക്കാനാണ് ലോക ബാങ്ക് പ്രതിനിധികളുടെ നീക്കം.