ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം; ബി നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരെന്ന് വാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th July 2017 08:33 AM |
Last Updated: 08th July 2017 11:47 AM | A+A A- |

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം. കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്നും അശ്വതി തിരുനാള്‍ പറഞ്ഞു.
നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നാണ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ വാദം. മുന്‍പ് തുറന്നിട്ടുള്ളത് ബി നിലവറ അല്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ബി നിലവറ തുറന്നതായി രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലെ ആര്‍ക്കും അറിയില്ലെന്നും അശ്വതി തിരുനാള്‍ പറഞ്ഞു.
ബി നിലവറയുടെ രണ്ട് ഭാഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് മാത്രമാണ് തുറന്നിട്ടുള്ളത് എന്നും, 9 തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും രാജകുടുംബാംഗം ആദിത്യ വര്‍മയും പറഞ്ഞു. ബി നിലവറ തുറക്കണമെങ്കില്‍ സ്‌ഫോടനം വേണം എന്ന തരത്തിലുള്ള പ്രാചാരണങ്ങളും രാജകുടുംബാംഗങ്ങള്‍ തള്ളുന്നു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവറ തുറന്ന് കണക്കെടുക്കണം. ബി നിലവറ തുറക്കുന്നത് ആരുടേയും വികാരം വ്രണപ്പെടുത്തില്ലെന്നും, നിലവറ തുറന്നില്ലെങ്കില്‍ ദുരൂഹത നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തിയിരുന്നു.
എന്നാല്‍ നിലവറ തുറക്കുന്നത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു സുപ്രീംകോടതിയില്‍ രാജകുടുംബം സ്വീകരിച്ച നിലപാട്. ഈ നിലപാടാണ് അശ്വതി തിരുനാളും ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. എ,സി നിലവറകള്‍ തുറന്ന് കണക്കെടുപ്പ് നടത്തി എങ്കിലും ബി നിലവറ തുറക്കുന്നത് രാജകുടുംബം എതിര്‍ത്തതോടെ ബി നിലവറ തുറന്നിരുന്നില്ല.