ബ്ലാക് മെയില്‍ ഗൂഢാലോചന പുറത്തുവരുന്നതു തടയാന്‍, ജിന്‍സന്റെ മൊഴിയില്‍ സൂചനകളെന്ന് പൊലീസ്

കേസില്‍ രണ്ടു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്
ബ്ലാക് മെയില്‍ ഗൂഢാലോചന പുറത്തുവരുന്നതു തടയാന്‍, ജിന്‍സന്റെ മൊഴിയില്‍ സൂചനകളെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍നിന്ന് നടനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഗൂഢാലോചന പുറത്തുവരുന്നതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. മുഖ്യപ്രതി സുനില്‍ കുമാറിന്റെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴിയില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം പരിശോധിക്കുന്നത്.

സെല്ലില്‍ വച്ച് സുനില്‍ കുമാര്‍ പറഞ്ഞതായി ജിന്‍സന്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഊര്‍ജിതമായത്. ഇതിനു പിന്നാലെയാണ് നടനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായ വാര്‍ത്ത പുറത്തുവന്നതും ഇതിനു പിന്നാലെ നടന് സുനില്‍ കുമാര്‍ എഴുതിയത് എന്നു കരുതുന്ന കത്ത് പുറത്തുവന്നതും. ബ്ലാക് മെയില്‍ സംബന്ധിച്ച ചില സൂചനകള്‍ ജിന്‍സന്റെ മൊഴിയില്‍ ഉള്ളതാണ്, ഇത് ആദ്യ ഗൂഢാലോചന മറയ്ക്കാന്‍ വേണ്ടി നടത്തിയതാണോയെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. 

കേസില്‍ രണ്ടു ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. ഒന്ന് നടിയെ ആക്രമിക്കുന്നതിനായുള്ള ഗൂഢാലോചന. ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയ ആള്‍, ക്വട്ടേഷന്‍ ഏറ്റെടുത്ത് പദ്ധതി നടപ്പാക്കിയ സുനില്‍ കുമാര്‍, നടി സഞ്ചരിച്ച വാഹനത്തിന്റെ ഉടമയും സംവിധായകന്റെ ഡ്രൈവറുമായ മാര്‍ട്ടിന്‍, പദ്ധതി നടപ്പാക്കാന്‍ സഹായികളായി സുനില്‍ കുമാര്‍ കൊണ്ടുവന്ന പങ്കാളികള്‍ എന്നിവരാണ് ആദ്യ ഗൂഢാലോചനയിലുള്ളത്. ജയിലില്‍ അടയ്ക്കപ്പെട്ട ശേഷം സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തടവറയില്‍ വച്ചു നടന്നതാണ് രണ്ടാം ഗൂഢാലോചന. സഹതടവുകാരാണ് ഇതിലെ പങ്കാളികള്‍. ഇത് ആദ്യ ഗൂഢാലോചനയിലേക്ക് അന്വേഷണം നീങ്ങാതിരിക്കാന്‍ ആസൂത്രണം ചെയ്തതാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അങ്ങനെയെങ്കില്‍ ആദ്യ ഗൂഢാലോചന ആസൂത്രണം ചെയ്തയാള്‍ക്ക് ഇക്കാര്യം അറിവുണ്ടായിരിക്കാമെന്നും പൊലീസ് കരുതുന്നു.

രണ്ടാം ഗൂഢാലോചന തെളിയിക്കുന്നതിനുള്ള വ്യക്തമായ തെളിവുകള്‍ പൊലീസ് സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ ആദ്യ ഗൂഢാലോചന സംശയാതീതമായി തെളിയിക്കും വിധം വിവരങ്ങള്‍ കൂട്ടിയിണക്കാന്‍ പൊലീസിന് ആയിട്ടില്ല. അതുകൊണ്ടാണ് വിമര്‍ശനങ്ങളെ തണുപ്പിക്കും വിധം പ്രകടമായ നടപടികളിലേക്ക് കടക്കാന്‍ പൊലീസ് മടിച്ചുനില്‍ക്കുന്നത് എന്നാണ് അറിയുന്നത്. 

മാധ്യമങ്ങളില്‍നിന്നും പൊതു സമൂഹത്തില്‍നിന്നും ഉയരുന്ന വിമര്‍ശനങ്ങളെ കണക്കിലെടുക്കാതെ അന്വേഷണവുമായി മുന്നോട്ടുപോവാനാണ് പൊലീസ് സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ധൃതി പിടിച്ചുള്ള നടപടികള്‍ വേണ്ടെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നും അന്വേഷണ സംഘത്തിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com