യുവാവിന് എയിഡ്‌സ് എന്ന് തെറ്റായ ഫലം; ലാബിനെതിരെ നടപടി ആവശ്യപ്പെട്ട് അച്ഛന്റെ പരാതി

എച്ച്‌ഐവിയുടെ കൂടിയ അളവായ 5.32 ആണെന്ന ലാബിന്റെ റിപ്പോര്‍ട്ടില്‍ അസ്വഭാവികത തോന്നിയ ഡോക്ടര്‍ എയിഡ്‌സിനുള്ള എലിസ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു
യുവാവിന് എയിഡ്‌സ് എന്ന് തെറ്റായ ഫലം; ലാബിനെതിരെ നടപടി ആവശ്യപ്പെട്ട് അച്ഛന്റെ പരാതി

കോഴിക്കോട്: രക്തപരിശോധനയില്‍ യുവാവിന് എയിഡ്‌സ് ആണെന്ന് തെറ്റായ ഫലം നല്‍കി കോഴിക്കോട്ടെ ഒരു സ്വകാര്യ ലാബ്. ഹീമോഫീലിയ ബാധിച്ച മകന് എയിഡ്‌സ് ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളെജിന് അടുത്തുള്ള ആലിയ എന്ന ലാബിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ യുവാവിന്റെ അച്ഛന്‍. 

മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കുമാണ് മലപ്പുറം പൊന്മുള സ്വദേശി പരാതി നല്‍കിയിരിക്കുന്നത്. ഹീമോഫീലിയ ബാധിതനായ പതിനെട്ടുകാരന്‍ ശരീരത്തില്‍ രക്തം കയറ്റുന്നതിനാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിയത്. യുവാവിന്റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളെജിലെ ലാബ് അടച്ചിരുന്നതിനാലാണ് സമീപത്തുള്ള ആലിയ എന്ന ലാബില്‍ പരിശോധന നടത്തിയത്. 

എന്നാല്‍ ജൂലൈ അഞ്ചിന് നല്‍കിയ രക്തപരിശോധന റിപ്പോര്‍ട്ടില്‍ യുവാവിന് എച്ച്‌ഐവി പോസിറ്റീവ് ആണെന്നാണ് രേഖപ്പെടുത്തിയത്. എച്ച്‌ഐവിയുടെ കൂടിയ അളവായ 5.32 ആണെന്ന ലാബിന്റെ റിപ്പോര്‍ട്ടില്‍ അസ്വഭാവികത തോന്നിയ ഡോക്ടര്‍ എയിഡ്‌സിനുള്ള എലിസ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു. 

ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ലാബിലും, മറ്റൊരു സ്വകാര്യ ലാബിലും വീണ്ടും രക്ത പരിശോധന നടത്തി. രണ്ട് പരിശോധന ഫലത്തിലും എച്ച്‌ഐവി നെഗറ്റീവ് ആണെന്ന് വ്യക്തമാക്കിയിരുന്നു. 

മകന് എയിഡ്‌സ് ആണെന്ന റിപ്പോര്‍ട്ട് തങ്ങളെ വല്ലാതെ തളര്‍ത്തിയതായി യുവാവിന്റെ അച്ഛന്‍ പറയുന്നു. തന്റെ മൂന്ന് മക്കള്‍ക്കും ഹീമോഫീലിയ രോഗമാണ്. ഇതിനിടയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് മാനസിക പ്രയാസം ഉണ്ടാക്കുമെന്നും യുവാവിന്റെ അച്ഛന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com