87 രൂപയ്ക്ക് ഇറച്ചിക്കോഴി വില്‍ക്കില്ലെന്ന് ഉറപ്പിച്ച് വ്യാപാരികള്‍; നാളെ മുതല്‍ കടകളടച്ച് സമരം

നികുതി വെട്ടിപ്പിന്റെ കേസുകള്‍ പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സിനെ വയ്ക്കും. തോന്നിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത് ഇനി അനുവദിക്കില്ലെന്നും ധനമന്ത്രി
87 രൂപയ്ക്ക് ഇറച്ചിക്കോഴി വില്‍ക്കില്ലെന്ന് ഉറപ്പിച്ച് വ്യാപാരികള്‍; നാളെ മുതല്‍ കടകളടച്ച് സമരം

ആലപ്പുഴ: 87 രൂപയ്ക്ക് ഇറച്ചിക്കോഴി വില്‍ക്കാന്‍ സാധിക്കില്ലെന്ന് വ്യാപാരികള്‍. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യാപാരികളും ധനമന്ത്രിയും തമ്മില്‍ ആലപ്പുഴയില്‍ വെച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ തിങ്കളാഴ്ച മുതല്‍ ഇറച്ചിക്കോഴികടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.

അനിശ്ചിതല കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നൂറ് രൂപയ്ക്ക് വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചെങ്കിലും ധനമന്ത്രി ഇത് അംഗീകരിച്ചില്ല. 13 രൂപയുടെ ഇളവ് ആകാം. എന്നാല്‍ വിലപേശലിന് സര്‍ക്കാര്‍ ഇല്ല. വ്യാപാരികളുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. നികുതി വെട്ടിപ്പിന്റെ കേസുകള്‍ പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സിനെ വയ്ക്കും. തോന്നിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത് ഇനി അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യാപാരികള്‍ അറിയിച്ചു.

ധനമന്ത്രി  നിര്‍ദേശിച്ച 87ല്‍ കൂടിയ വിലയ്ക്ക് ഇറച്ചിക്കോഴി വില്‍ക്കുന്നതിന് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ കടകള്‍ അടച്ച് സമരം നടത്താനായിരുന്നു
ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോകാതിരുന്നതോടെ ശനിയാഴ്ച ചിക്കന്റെ വില മൊത്തവിതരണക്കാര്‍ 10 രൂപ കുറച്ചു. ഇതോടെ 115 രൂപയായിരുന്ന ചിക്കന്റെ വില 105 ആയി. 

മൊത്തവില്‍പ്പന വില കണക്കാക്കിയാല്‍ 87 രൂപയ്ക്ക് ചിക്കന്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രിയെ വ്യാപാരികള്‍ അറിയിച്ചത്. സര്‍ക്കാര്‍ ഏകപക്ഷീയമായി വില നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഇറച്ചിക്കോഴി കടകള്‍ അടച്ചിടുമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com