ബി നിലവറ തുറക്കണമെന്ന് വിഎസ്; തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം

ബി നിലവറ തുറക്കണമെന്ന് വിഎസ്; തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം

ദേവഹിതം ചോദിച്ച് അറിഞ്ഞത് പോലെയാണ് ചിലര്‍ സംസാരിക്കുന്നത്

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. നിലവറ തുറക്കുന്നതിന് ചിലര്‍ ഭയക്കുന്നത് എന്തിനെന്നും വിഎസ് ചോദിച്ചു. 

ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം. ദേവഹിതം ചോദിച്ച് അറിഞ്ഞത് പോലെയാണ് ചിലര്‍ സംസാരിക്കുന്നത്. മുമ്പ് ബി നിലവറ തുറന്നപ്പോള്‍ ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ ഇല്ലെന്നും വിഎസ് പറഞ്ഞു. 

പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തം. 
സ്വാതന്ത്ര്യത്തിനു ശേഷം രാജാവില്ലെന്നും അതുകൊണ്ട് രാജാവെന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാന്‍ രാജ കുടുംബത്തിനോ, രാജകുടുംബമെന്ന് അവകാശപ്പെടുന്ന ആര്‍ക്കും യാതൊരവകാശവുമില്ലെന്നും 2007-ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയും 2011-ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ശരിവെക്കുന്ന തരത്തില്‍ രാജകുടുംബങ്ങള്‍ ഉള്‍പ്പെടാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണസംവിധാനം. 

അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടതാണ്. ഇതിനു മുമ്പുതന്നെ ബി നിലവറ തുറന്നതായി വിനോദ് റായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും, ബഹുമാനപ്പെട്ട സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസ്സം നില്‍ക്കുന്നത് സംശയകരമാണ്. ജനഹിതവും ക്ഷേത്ര സ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നും വിഎസ് പ്രസ്താവനയില്‍ പറയുന്നു.

ബി നിലവറ തുറക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് എതിരെ രാജകുടുംബം രംഗത്ത് വന്നിരുന്നു. ബി നിലവറ തുറക്കാതിരിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും തുറക്കാന്‍ അനുവദിക്കില്ല എന്നുമാണ് രാജകുടുംബത്തിന്റെ നിലപാട്. ഇതിനെ വിമര്‍ശിച്ചാണ് വിഎസിന്റെ ഇപ്പോഴത്തെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com