മെട്രോയിലെ കോണ്‍ഗ്രസ് അതിക്രമം; സിസി ടിവി ദൃശ്യങ്ങള്‍ കൈമാറാതെ കെഎംആര്‍എല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനങ്ങള്‍ തകര്‍ത്തതിന്റെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറാതെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കേസന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണം
മെട്രോയിലെ കോണ്‍ഗ്രസ് അതിക്രമം; സിസി ടിവി ദൃശ്യങ്ങള്‍ കൈമാറാതെ കെഎംആര്‍എല്‍

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനകീയയാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനങ്ങള്‍ തകര്‍ത്തതിന്റെ സിസി ടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറാതെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കേസന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണം. കെഎംആര്‍എല്‍ തലപ്പത്തെ ചിലരുടെ കോണ്‍ഗ്രസ്ബന്ധമാണ് ദൃശ്യം നല്‍കാത്തതിന് പിന്നിലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു
 

ദൃശ്യങ്ങള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ നിലയിലാണെന്നാണ് പൊലീസ് പറയുന്നത്. ദൃശ്യങ്ങള്‍ക്കായി ആലുവ പൊലീസ് കെഎംആര്‍എലിന് വീണ്ടും കത്തു നല്‍കും. തിങ്കളാഴ്ചതന്നെ ഇതിനുള്ള നടപടി സ്വീകരിക്കും. സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കും സംഭവദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങള്‍ക്കുമായി അപേക്ഷ നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ലഭിച്ചില്ല. സാങ്കേതികവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അവധിയിലാണെന്നാണ് കെഎംആര്‍എല്‍ കാരണമായി പറയുന്നത്.  ശനിയാഴ്ചയും ദൃശ്യങ്ങള്‍ക്കായി പൊലീസ് കെഎംആര്‍എല്‍ ഓഫീസില്‍ പോയിരുന്നെങ്കിലും ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലെന്നു പറഞ്ഞ് മടക്കുകയായിരുന്നു. 

ജൂണ്‍ 20ന് ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ നടത്തിയ യാത്രയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. സംഭവം അന്വേഷിച്ച കെഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ മെട്രോചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിക്കാതെയുള്ള പരാതി വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പരാതി ലഭിച്ചതിനുശേഷം ജൂണ്‍ 30 നാണ് ആലുവ പൊലീസ് രേഖാമൂലം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com