ഇങ്ങനയെങ്കില്‍ സെന്‍കുമാറിനു വേണ്ടി ഹാജരാവില്ലായിരുന്നു: ദുഷ്യന്ത് ദവെ

സെന്‍കുമാര്‍ നടത്തിയ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത വേദനയും നിരാശയുമുണ്ടെന്ന് ദുഷ്യന്ത് ദവെ
ഇങ്ങനയെങ്കില്‍ സെന്‍കുമാറിനു വേണ്ടി ഹാജരാവില്ലായിരുന്നു: ദുഷ്യന്ത് ദവെ


ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിന്റെ നിലപാടുകള്‍ ഇത്തരത്തിലെന്ന് അറിഞ്ഞിരുന്നെങ്കില്‍ സുപ്രിം കോടതിയില്‍ അദ്ദേഹത്തിനു വേണ്ടി ഹാജരാവില്ലായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു വിമരിച്ച ശേഷം സെന്‍കുമാര്‍ നടത്തിയ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത വേദനയും നിരാശയുമുണ്ടെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു. സെന്‍കുമാര്‍ ബിജെപിയിലേക്ക് എത്തുന്നുവെന്ന സൂചനകള്‍ സജീവമാവുന്ന പശ്ചാത്തലത്തിലാണ് ദുഷ്യന്ത ദവെയുടെ പ്രതികരണം.

പൊലീസ് മേധാവി സ്ഥാനത്തു നിന്ന് പുറത്തിയതിന് എതിരായ കേസില്‍ സുപ്രിം കോടതിയില്‍ സെന്‍കുമാറിനു വേണ്ടി ഹാജരായത് ദുഷ്യന്ത് ദവെയാണ്. പുറത്താക്കിയതിനെതിരെ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു വിധി. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പൊലീസ് മേധാവി സ്ഥാനത്തുന്ന് വിരമിച്ചതിനു പിന്നാലെ സമകാലിക മലയാളവുമായുള്ള അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഐഎസിനെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്യാനാവില്ലെന്നും ദേശീയതയ്ക്ക് എതിരായ മതതീവ്രവാദമാണ് അപകടകരം എന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ മുസ്്‌ലിം ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും അതു വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഇതിനു പിന്നാലെ സെന്‍കുമാര്‍ ബിജെപി മുഖപത്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതോടെ അദ്ദേഹം സംഘപരിവാറിലേക്കു നീങ്ങുകയാണെന്ന ചര്‍ച്ചകള്‍ വ്യാപകമായി.

സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ സമകാലിക മലയാളം അഭിമുഖം ദേശീയ തലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയായതോടെയാണ് ദുഷ്യന്ത് ദവെ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com