നഴ്‌സുമാരുടെ സമരം; അന്തിമവട്ട ചര്‍ച്ച ഇന്ന്; വിട്ടുവീഴ്ച പ്രതീക്ഷിച്ചു സര്‍ക്കാര്‍

നഴ്‌സുമാരുടെ സമരം; അന്തിമവട്ട ചര്‍ച്ച ഇന്ന്; വിട്ടുവീഴ്ച പ്രതീക്ഷിച്ചു സര്‍ക്കാര്‍

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തെകുറിച്ചുള്ള സര്‍ക്കാരിന്റെ അന്തമിവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്കു രണ്ടിനു മന്ത്രി ടി.പി രാമകൃണന്റെ വസതിയില്‍ വെച്ചു നടത്തുന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നാണ് പ്രതീക്ഷ. 

തൊഴില്‍ വകുപ്പിനു കീഴിലുള്ള വ്യവസായബന്ധ സമിതിയും മിനിമം വേതന സമിതിയുമാണ് നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം സ്വാകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെയും നഴ്‌സുമാരുടെ സംഘടനകളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് സര്‍ക്കാരിന്റെ അന്തിമവട്ട ചര്‍ച്ച.

അതേസമയം, ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കൂട്ടയവധിയും സെക്രട്ടറിയേറ്റ് മാര്‍ച്ചുമുള്‍പ്പടെ വന്‍ പ്രതിഷേധ പരിപാടികള്‍ക്കാണ് നഴ്‌സുമാര്‍ ഒരുങ്ങുന്നത്. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 13,000 രുപ അടിസ്ഥാന ശമ്പളം ഇരുപതിനായിരത്തിനു മുകളിലേക്കുയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ പ്രധാനം. ജൂലായ് 8 മുതല്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനായിരുന്നു നഴ്‌സുമാര്‍ തീരുമാനിച്ചിരുന്നത്. പിന്നീടു, ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് നീങ്ങാമെന്ന് നഴ്‌സുമാര്‍ തീരുമാനിക്കുകയായിരുന്നു.

2013ലാണ് അവസാനമായി നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചത്. പിന്നീടു, സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാതായതോടെയാണ് സ്വകാര്യ ആശുപത്രി നിലപാടിനെതിരെ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്. അതേസമയം, ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഏകപക്ഷീയ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സംസ്ഥാനത്തെ 70 ശതമാനം ആശുപത്രികളും സ്വകാര്യ മേഖലയിലാണെന്നിരിക്കെ നഴ്‌സുമാരുടെ സമരം മുന്നോട്ട് പോകുന്നതില്‍ സര്‍ക്കാരിനു ആശങ്കയുണ്ട്. പ്രത്യേകിച്ചു സംസ്ഥാനത്തു പകര്‍ച്ചപ്പനി രൂക്ഷമായിക്കൊണ്ടിരിക്കേ സര്‍ക്കാരിനു സമരം പ്രതിസന്ധിയാകും. 

നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ ശമ്പളവും വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് സ്വാകാര്യ മാനേജ്‌മെന്റുകളുടെ വാദം. ഇങ്ങനെ ശമ്പളം ഉയര്‍ത്തിയാല്‍ അതു ആശുപത്രി നടത്തിപ്പിനെ ബാധിക്കുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com