'ഭയബഹുമാനം' ഉണ്ടാക്കാന്‍ കുനിച്ചു നിര്‍ത്തി മുതുകിനിടിച്ചു ജനമൈത്രി പോലീസ് 'മാതൃകയായി':  പരാതിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പിതാവ്

'ഭയബഹുമാനം' ഉണ്ടാക്കാന്‍ കുനിച്ചു നിര്‍ത്തി മുതുകിനിടിച്ചു ജനമൈത്രി പോലീസ് 'മാതൃകയായി':  പരാതിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ പിതാവ്

കൊച്ചി: പോലീസുകാരെ കാണുമ്പോള്‍ ബഹുമാനിക്കണം. അല്ലെങ്കില്‍ ഭയമുള്ളതുപോലെയെങ്കിലും അഭിനയിക്കണം. ഇല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശിയായ പ്ലസ്ടു കാരന് കിട്ടിയപോലെ കിട്ടും. അതു ജനമൈത്രി പോലീസാണെങ്കില്‍ പറയുകയും വേണ്ട. ഭയബഹുമാനം അവര്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു ഉണ്ടാക്കും.

എഡ്വിന്‍ ഡേവിഡ് എന്ന ഫോര്‍ട്ടുകൊച്ചിക്കാരന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് ഭയബഹുമാനം പഠിപ്പിക്കാന്‍ ജനമൈത്രി പോലീസ് തൂക്കിയെടുത്തു ജീപ്പിലിട്ടു സ്റ്റേഷനില്‍കൊണ്ടുപോയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. എഡ്വിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ഫോര്‍ട്ടുകൊച്ചി എസ്‌ഐ മര്‍ദ്ദിച്ചതായി എഡ്വിന്റെ പിതാവ് എബി ഡേവിഡ് പോലീസ് കമ്മീഷ്ണര്‍ക്കു പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പിതാവിന്റെ പരാതി ഇങ്ങനെ: എഡ്വിന്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫോര്‍ട്ടുകൊച്ചി ജനമൈത്രി പോലീസ് ജീപ്പു വന്നു നിര്‍ത്തുകയും എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നു കുട്ടികളോട് ചോദിക്കുകയും ചെയ്തു. ഇതിനു ശേഷം വീട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ പിരിഞ്ഞു പോവുകയും ഇതിനിടയില്‍ എഡ്വിന്‍ എസ്‌ഐയെ തിരിഞ്ഞു നോക്കി. ഈ നോട്ടം, എസ്‌ഐക്കു പിടിച്ചില്ല എന്നുമാത്രമല്ല തൂക്കിയെടുത്തു വണ്ടിയിലിട്ടു സ്റ്റേഷനിലേക്കു പോയി. 

സ്‌റ്റേഷനില്‍ വെച്ചായിരുന്ന ഭയബഹുമാന ക്ലാസ്. ആദ്യം കൈപിടിച്ചു തിരിച്ചു, പിന്നീടു വിരലുകളായി. അതും കഴിഞ്ഞു കുനിച്ചു നിര്‍ത്തി മുതുകിനിടിച്ചു. ഇതിനുപുറമെ പൊക്കിളില്‍ കൈവരല്‍ ഉപയോഗിച്ചു കുത്തുകയും ചെയ്തു. പരാതിയില്‍ പറയുന്നു.

സ്റ്റേഷനിലെത്തിയ ഡേവിഡിനോട് സൗമ്യ ഭാവം വിടാതെ എസ്‌ഐ കുട്ടിയെ ഒന്നു ഉപദേശിച്ചിട്ടുണ്ടെന്നും ഭയബഹുമാനം ഉണ്ടാക്കാനാണ് ഇവിടെ കൊണ്ടുവെന്നതെന്നും വ്യക്തമാക്കി. വീട്ടില്‍ കൊണ്ടു പോയി ഒന്നു ഉപദേശിക്കാനും എസ്‌ഐ ഡേവിഡിനോട് നിര്‍ദേശിച്ചു. വീട്ടിലെത്തിയപ്പോഴാണ് സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ കരഞ്ഞുകൊണ്ട് മകന്‍ പറഞ്ഞത്. ഒരു കാരണവുമില്ലാതെ മകനെ മര്‍ദ്ദിച്ചവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷ്ണര്‍ക്കു പരാതി നല്‍കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com