സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു: ദിലീപിന്റെ അറസ്റ്റ് പിണറായിയുടെ വിജയം

ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമാണെന്ന തരത്തിലാണ് ട്രോളുകളും വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങളും. 
സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു: ദിലീപിന്റെ അറസ്റ്റ് പിണറായിയുടെ വിജയം

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പിണറായി വിജയന് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിവാദ്യമര്‍പ്പിക്കുകയാണ്. ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആഭ്യന്തര വകുപ്പിനും പിണറായി വിജയനുമാണെന്ന തരത്തിലാണ് ട്രോളുകളും വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങളും. 

പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ദിലീപിന്റെ പങ്ക് സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതി ശക്തനായതുകൊണ്ടു തന്നെ ഇതുസംബന്ധിച്ച വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയെയും അന്വേഷണസംഘം ബോധ്യപ്പെടുത്തിയിരുന്നു. ദിലീപിന്റെ പങ്ക് സംബന്ധിച്ച് അവസാന തെളിവും ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടാണ് പിണറായി കൈക്കൊണ്ടതെന്നാണ് മൊത്തത്തില്‍ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. എതിരഭിപ്രായങ്ങളും ചിലഭാഗത്ത് നിന്ന് പ്രകടമാകുന്നുണ്ട്. 

ഗൂഡാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ണമായും രഹസ്യമായി വെക്കാനും ആഭ്യന്തവകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഗൂഡാലോചനയില്ല എന്ന പ്രഖ്യാപനം പിണറായി വിജയന്‍ നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പക്ഷം അഭിപ്രായപ്പെടുന്നത്. ഗൂഢാലോചനയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോഴെന്തായി എന്ന് ചോദിക്കുന്നവരും ഇല്ലാതില്ല. 

പ്രതികള്‍ ഏത് ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും പിടികൂടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സിനിമാ മേഖലയിലെ പുതിയ സ്ത്രീ കൂട്ടയ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവിന് ഇത് സംബന്ധിച്ച് കൃത്യമായ ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നു. ഈ സംഭവം കൂടിയായതോടുകൂടി സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും സ്ത്രീസംരക്ഷകന്‍ എന്നൊരു സല്‍പ്പേരു കൂടി നേടിയിരിക്കുകയാണ് സഖാവ് പിണറായി വിജയന്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com