ഗൂഢാലോചനയില്ലെന്ന വാദം പൊലീസ് തന്ത്രം, ക്വട്ടേഷന്‍ സംഘം ആസൂത്രകരെ ബന്ധപ്പെട്ടത് ഈ തന്ത്രത്തില്‍ വീണതിനാല്‍

സുനില്‍ കുമാറില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഗൂഢാലോചന നടത്തിയവരെ തെറ്റിദ്ധരിപ്പിക്കാനാണ് പൊലീസ് ഈ തന്ത്രം പ്രയോഗിച്ചത്. ഇത് ഫലം കണ്ടതായി പിന്നീടുണ്ടായ അന്വേഷണ പുരോഗതി വിലയിരുത്തി പൊലീസ് വൃത്തങ്ങള്
ഗൂഢാലോചനയില്ലെന്ന വാദം പൊലീസ് തന്ത്രം, ക്വട്ടേഷന്‍ സംഘം ആസൂത്രകരെ ബന്ധപ്പെട്ടത് ഈ തന്ത്രത്തില്‍ വീണതിനാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന വിവാദമായ പ്രഖ്യാപനം സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുടുക്കാനുള്ള പൊലീസിന്റെ തന്ത്രമായിരുന്നെന്നു സൂചന. ക്വട്ടേഷന്‍ ഏറ്റെടുത്തു നടപ്പാക്കിയ സുനില്‍ കുമാറില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഗൂഢാലോചന നടത്തിയവരെ തെറ്റിദ്ധരിപ്പിക്കാനാണ് പൊലീസ് ഈ തന്ത്രം പ്രയോഗിച്ചത്. ഇത് ഫലം കണ്ടതായി പിന്നീടുണ്ടായ അന്വേഷണ പുരോഗതി വിലയിരുത്തി പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം ക്വട്ടേഷന്‍ ടീമില്‍ അവസാനിക്കുന്നതായ ധാരണ പരത്തിയാല്‍ ഗൂഢാലോചന നടത്തിയവര്‍ അന്വേഷണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ല. അതേസമയം ഗൂഢാലോചന തെളിയിക്കാന്‍ കൂടുതല്‍ വസ്തുതകള്‍ സമാഹരിക്കേണ്ടതിനാല്‍ എത്രയും വേഗം അതൊഴികെയുളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. അങ്ങനെയാണ് അറുപതു ദിവസത്തിനകം കേസില്‍ ആദ്യ കുറ്റപത്രം നല്‍കിയത്. അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സോപാധിക ജാമ്യം നേടി പുറത്തുവരാതിരിക്കാനും അതു വഴിവച്ചു. 

നേരത്തെ നടത്തിയ കണക്കുകൂട്ടലില്‍നിന്നു വിരുദ്ധമായി കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടിവരുന്നത് ക്വട്ടേഷന്‍ സംഘത്തെ ഗൂഢാലോചകരുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതമാക്കും എന്ന പൊലീസ് തിയറി ഈ കേസില്‍ ശരിയാവുകയായിരുന്നു. ഇതിനായി ഇവരുടെ ഫോണ്‍ വിളികള്‍ പൊലീസ് നിരീക്ഷിച്ചു. ജയിലിനുള്ളിലെ കോയിന്‍ ബോക്‌സില്‍നിന്ന് പള്‍സര്‍ സുനിയുടെ ആദ്യ കോള്‍ പോയത് ദിലീപുമായി അടുപ്പമുള്ള ഒരാളിലേക്കായിരുന്നു. ദിലീപ്, നാദിര്‍ഷ അപ്പുണ്ണി എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ തേടിയായിരുന്നു ഈ വിളി. ഇതോടെ നേരത്തെ തന്നെ പല കോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരുന്ന ഇവരും പൊലീസ് നിരീക്ഷണത്തിലായി. 

തന്നിലേക്ക് അന്വേഷണം എത്തുന്നില്ല എന്ന ഉറപ്പിലാണ് ദിലീപ് നേരത്തെ നിശ്ചയിച്ച അമേരിക്കന്‍ പര്യടനവുമായി മുന്നോട്ടുപോയത്. ഇതിനിടെ അന്വേഷണ സംഘം തന്നെ നിരീക്ഷിക്കുന്നതായ വിവരങ്ങള്‍ ദിലീപിനു ചോര്‍ന്നുകിട്ടിയെന്നാണ് പൊലീസ് കരുതുന്നത്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.  ഇത്തരത്തില്‍ വിവരം കിട്ടിയതിനു പിന്നാലെയാണ് ക്വട്ടേഷന്‍ സംഘം തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നതായി ദിലീപ് പൊലീസിനു പരാതി നല്‍കിയത്. ഈ പരാതി പക്ഷേ ദിലീപിനെതിരെ തിരിയുകയാണുണ്ടായത്.

ബ്ലാക് മെയില്‍ ചെയ്യുന്നു എന്ന പരാതിക്കൊപ്പം ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ദിലീപ് സമര്‍പ്പിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ താരം, നടി, നിര്‍മാതാവ് എന്നിവര്‍ ദിലീപിന്റെ പേരു പറയാന്‍ സമ്മര്‍ദം ചെലുത്തുന്നു എന്നാണ് ശബ്ദരേഖയിലുള്ളത്. ഇത് ദിലീപും നാദിര്‍ഷയും ചേര്‍ന്ന് വ്യാജമായി നിര്‍മിച്ചതെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയതോടെ ദീലീപിനു മേലുളള കുരുക്കു മുറുകി. 

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഘട്ടത്തില്‍ നാദിര്‍ഷ പങ്കാളിയായിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. കേസ് തനിക്കെതിരെ തിരിയുന്നതായി ദിലീപ് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ സഹായിക്കുകയായിരുന്നു ഉറ്റ സുഹൃത്തൂകൂടിയായ നാദിര്‍ഷ. രക്ഷപെടാനുള്ള കുരുക്കു വഴികള്‍ ഒരുക്കിയത് ഇരുവരും ചേര്‍ന്നാണ്. അതിനിടെ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ വേറെയു താരങ്ങള്‍ ശ്രമിച്ചതായി സൂചനകളുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചതായി ബോധ്യപ്പെട്ടതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.

ഗൂഢാലോചനയില്ലെന്ന് ആദ്യഘട്ടത്തില്‍ ബോധപൂര്‍വം എടുത്ത നിലപാട് അന്വേഷണം വേഗത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായാണോ മുഖ്യമന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയത് എന്ന് ഇവര്‍ സ്ഥിരീകരിക്കുന്നില്ല. ആ ഘട്ടത്തില്‍ ഇത്തരം വിവരങ്ങള്‍ ആഭ്യന്തര വകുപ്പു മന്ത്രിയുമായി പങ്കുവയ്ക്കുന്ന പതിവ് അന്വേഷണത്തില്‍ ഇല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com