ഞെട്ടല്‍ ചെറുതല്ല; കടുത്തശിക്ഷ കിട്ടണമെന്ന് ഇന്നസെന്റ്

ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ ഞങ്ങള്‍ക്ക് കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല - ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണമെന്നും ഇന്നസെന്റ്
ഞെട്ടല്‍ ചെറുതല്ല; കടുത്തശിക്ഷ കിട്ടണമെന്ന് ഇന്നസെന്റ്

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് ഞങ്ങള്‍ ഓരോരുത്തരും കേട്ടതെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്.  ഞങ്ങളുടെ സഹോദരിക്ക് നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ ഞങ്ങള്‍ക്ക് കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണമെന്നും ഇന്നസെന്റ് പറഞ്ഞു.

കേസില്‍ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ ദിലീപിന്റെ അഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ല. രോഗത്തെത്തുടര്‍ന്നു ആശുപത്രിയിലായതിനാല്‍ എനിക്കു അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. 

അമ്മ നേരത്തെ ഇക്കാര്യത്തില്‍ എടുത്ത നിലപാട് വിമര്‍ശന വിധേയമായിരുന്നു. ഗൂഢാലോചനയുടെ വിശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകള്‍ എടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. ഇതിനര്‍ഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റവാളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസം മുതല്‍ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. 

ഗൂഡാലോചനയില്‍ ദിലീപിനുള്ള പങ്ക് പുറത്തു വന്ന ഉടനെ ഏകകണ്ഠമായാണ് അമ്മ തീരുമാനം എടുത്തത്. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നില്‍ക്കുമെന്നു അമ്മ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നു. കേരള പൊലീസും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതയില്‍ അമ്മയ്ക്കുളള സന്തോഷം അറിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com