ദിലീപ് രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി പിന്നീട്, ഒരു തെളിവുമില്ലെന്ന് അഭിഭാഷകന്‍

ദിലീപ് രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി പിന്നീട്, ഒരു തെളിവുമില്ലെന്ന് അഭിഭാഷകന്‍

ദിലീപീനെ മൂന്നു ദിവസം കസ്റ്റഡയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്


അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അനുവദിച്ചുകൊണ്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ദിലീപീനെ മൂന്നു ദിവസം കസ്റ്റഡയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. 

പൊലീസിന്റെ കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വച്ചാണ് പരിഗണിച്ചത്. കൂടുതല്‍ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവരങ്ങള്‍ ശേഖരിക്കണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. 

പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കേസില്‍ ദീലീപ് നിരപരാധിയാണെന്ന വാദമാണ് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. ഈ കേസിന്റെ അന്വേഷണവുമായി പൊലീസ് ആവശ്യപ്പെട്ടപ്പോഴെല്ലാം ദിലീപ് സഹകരിച്ചിട്ടുണ്ട്. പതിമൂന്നു മണിക്കൂറാണ് അദ്ദേഹം ഒരു ദിവസം ചോദ്യം ചെയ്യലിനായി ഇരുന്നുകൊടുത്തത്. ഇത്തരത്തില്‍ സഹകരിക്കുന്ന തന്റെ കക്ഷിയെ കസ്റ്റഡിയില്‍ വയ്‌ക്കേണ്ട കാര്യമില്ലെന്ന് രാംകുമാര്‍ വാദിച്ചു. 

ദിലീപിനെതിരെ ഒരു തെളിവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. രേഖയുടെ അടിസ്ഥാനത്തിലുള്ള ഒരു തെളിവുപോലും ദിലീപിനെതിരെയില്ലെന്നും രാംകുമാര്‍ കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ ജാമ്യത്തില്‍ വിടരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എതിര്‍വാദങ്ങള്‍ എഴുതിനല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനു ശേഷം ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

രാവിലെ കോടതിയില്‍ എത്തിച്ച ദിലീപിനെ ജനങ്ങള്‍ വരവേറ്റത് കൂവിവിളിച്ചുകൊണ്ടാണ്. ഇന്നു രാവിലെയാണ് ദിലീപിനെ പൊലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. 

രാവിലെ 10.20 ഓടെയാണ് ആലുവ സബ് ജയിലില്‍നിന്ന് ദിലീപുമായുള്ള പൊലീസ് വാഹനം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പ്രവേശിപ്പിച്ചത്. വന്‍ ജനക്കൂട്ടമാണ് ഇതറിഞ്ഞ് കോടതിക്കു മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ ജനങ്ങള്‍ കോടതി വളപ്പില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ദിലീപ് വാഹനത്തിനു പുറത്ത് ഇറങ്ങിയതോടെ കോടതി വളപ്പിനു പുറത്തുന്ന് ജനങ്ങള്‍ കൂവി വിളിക്കുകയായിരുന്നു. പത്തരയോടെ കോടതിയിലെത്തിയ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറിനെയും ജനങ്ങള്‍ കൂവി വിളിച്ചു. 

ജനങ്ങളെയും ക്യാമറയുമായി എത്തിയ ദൃശ്യ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കോടതി വളപ്പില്‍ കടക്കുന്നതില്‍നിന്നു തടഞ്ഞു. ജനക്കൂട്ടം കോടതി വളപ്പില്‍ കടക്കുന്നതു തടയാന്‍ വന്‍  സന്നാഹമാണ് പൊലീസ് കോടതിക്കു മുന്നില്‍ ഒരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com