അമ്പലക്കള്ളന്മാര്‍ അരങ്ങുവാഴുന്ന ഗുരുപവനപുരി

ക്ഷേത്രത്തിലേക്കാവശ്യമുള്ള സാമഗ്രികള്‍ വാങ്ങുന്നതില്‍, മരാമത്തുപണികളില്‍, നിയമനങ്ങളില്‍ അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടിമുടി നിറഞ്ഞുനില്‍ക്കുന്നത് അഴിമതിയാണ്. അഴിമതിക്കഥകളിലേക്കും ക്രമക്കേടുകളിലേ
അമ്പലക്കള്ളന്മാര്‍ അരങ്ങുവാഴുന്ന ഗുരുപവനപുരി

ക്ഷേത്രത്തിലേക്കാവശ്യമുള്ള സാമഗ്രികള്‍ വാങ്ങുന്നതില്‍, മരാമത്തുപണികളില്‍, നിയമനങ്ങളില്‍ അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടിമുടി നിറഞ്ഞുനില്‍ക്കുന്നത് അഴിമതിയാണ്. അഴിമതിക്കഥകളിലേക്കും ക്രമക്കേടുകളിലേക്കുമുള്ള അന്വേഷണത്തില്‍ ലഭ്യമായ ചില വസ്തുതകള്‍.
 
പ്രഹഌദന്റെ കഥയിലെ നാരായണന്‍ തൂണിലും തുരുമ്പിലും നിറഞ്ഞ ദിവ്യചൈതന്യമെങ്കില്‍ ഗുരുവായൂരില്‍ അന്തരീക്ഷത്തില്‍ നിറയുന്ന നാരായണനാമത്തെ കവച്ചുവയ്ക്കുന്നതു തൂണിലും തുരുമ്പിലും നിറയുന്ന അഴിമതിയുടെ ഹിരണ്യകശിപുമാരാണ്. ചന്ദനം, കളഭം തുടങ്ങി ഉപ്പുതൊട്ടു കര്‍പ്പൂരം വരെ വാങ്ങുന്നതിലും വില്‍ക്കുന്നതിലും അഴിമതിയാണെന്നു നിരവധി വട്ടം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

മേല്‍ത്തരം ചന്ദനം ലഭ്യമാകുന്ന മറയൂരില്‍നിന്നുള്ള ക്‌ളാസ്‌സ് അഞ്ച് ഗാഡ് ബട്‌ല പത്തുടണ്‍ ഉണ്ടെന്നിരിക്കേ, സേലം ക്‌ളാസ്‌സ് 10 ജാക് പൊകല്‍ ചന്ദനം അഞ്ച് മെട്രിക് ടണ്‍ വാങ്ങിയതും ഇവയ്ക്കു ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ മാറ്റിവെച്ചതും പിന്നീടു ക്ഷേത്രത്തില്‍ അരച്ചു ബാക്കിവന്നതിനോടൊപ്പം 200 കിലോ സേലം ചന്ദനം തടികള്‍ ലേലം ചെയ്തതുമായ സംഭവങ്ങള്‍ കോടതിയിലെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ഗോഡൗണില്‍ വിജിലന്‍സ് പരിശോധന നടക്കുകയും ചെയ്തിരുന്നു. സേലം ചന്ദനം വാങ്ങുന്നതിന് ഡോ. സി.കെ. ശ്രീധരന്‍ ഐ.എഫ്.എസില്‍നിന്നു ലഭിച്ച ശുപാര്‍ശ പ്രകാരം ദേവസ്വം എക്കൗണ്ട് മാനേജരായിരുന്ന എ.കെ. ഉണ്ണിക്കൃഷ്ണനില്‍നിന്നും അഡ്മിനിസ്‌ട്രേറ്റര്‍ക്കു കത്തു ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ചന്ദനം ഗുണനിലവാരമുള്ളതാണോ എന്നുറപ്പുവരുത്താന്‍ ആദ്യം നടന്ന പരിശോധനയില്‍ ഈ ചന്ദനം ഗുണനിലവാരമില്ലെന്നു തെളിഞ്ഞിരുന്നു. 2010–ലായിരുന്നു സംഭവം. ദേവസ്വം സമിതി അംഗം എ.വി. ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഒരു പാനലാണ് അന്നു ചന്ദനം ഗുണനിലവാരമില്ലാത്തതെന്ന റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പിന്നീട് മറ്റൊരു സംഘത്തെ നിയോഗിച്ചു പുതിയൊരു റിപ്പോര്‍ട്ട് ചന്ദനം വാങ്ങുന്നതിന് അനുകൂലമായി ഉണ്ടാക്കുകയായിരുന്നു. എന്നാല്‍, പിന്നീട് ക്ഷേത്രത്തിലെ ഉപയോഗത്തിന് ഈ ചന്ദനം അരയ്ക്കാന്‍ യോഗ്യമല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു ഗോഡൗണില്‍ സൂക്ഷിക്കുകയും ഒടുവില്‍ തേഞ്ഞുപോയ ചന്ദനത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ലേലം ചെയ്യുകയുമാണ് ഉണ്ടായത്. ഇതില്‍ 1.62 കോടിയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഓഡിറ്റിംഗിന്റെ ഭാഗമായി നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയത്. 

ക്രമക്കേട് ആരോപിച്ചു ക്ഷേത്രരക്ഷാസമിതി സെക്രട്ടറി എം. ബിജേഷ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവിനെ തുടര്‍ന്ന നടക്കേണ്ട ത്വരിതപരിശോധനയെ തടസ്‌സപ്പെടുത്താനും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു നീക്കങ്ങളുണ്ടായതായി അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിജിലന്‍സ് എസ്.ഐ സാജു ജോസും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ലെന്നു പറഞ്ഞു ദേവസ്വം അധികൃതര്‍ അവരെ മടക്കിയയച്ചു. നേരത്തെ അറിയിപ്പു നല്‍കിയാണ് ഇവരവിടെ എത്തിയതെന്നും പറയുന്നു. വീണ്ടുമൊരു പരിശോധന നടക്കുന്നതു തടസ്‌സപ്പെടുത്തുന്നതിനുവേണ്ടി ഗോഡൗണ്‍ നില്‍ക്കുന്ന ഭാഗത്തേക്ക് അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലെന്ന ബോര്‍ഡ് ദേവസ്വം ഭരണസമിതിയുടെ തീരുമാനപ്രകാരം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ത്വരിത പരിശോധനയില്‍ ചന്ദനം വാങ്ങിയതില്‍ അഴിമതി കണ്ടെത്തുകയും റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. 
ക്ഷേത്രത്തില്‍ അത്താഴ ശീവേലിയും തൃപ്പുകയും കഴിഞ്ഞാല്‍ ഓല വായിക്കുക എന്നൊരു ചടങ്ങുണ്ട്. തൃപ്പുക കഴിഞ്ഞാല്‍ അന്നത്തെ വരവുചെലവു കണക്കുകള്‍ 'പത്തുകാരന്‍' എന്ന സ്ഥാനപ്പേരുള്ള കഴകക്കാരന്‍ വാര്യര്‍ ഓലയില്‍ എഴുതി വായിച്ചതിനുശേഷം തൃപ്പടിമേല്‍ സമര്‍പ്പിക്കും. ഇതു പഴയകാലത്തുനിന്നും തുടരുന്ന ഒരു രീതിയാണ്. കണക്കുകള്‍ ആത്യന്തികമായി ബോധ്യപ്പെടേണ്ടതു സാക്ഷാല്‍ ഗുരുവായൂരപ്പനു തന്നെയാണെന്ന വിശ്വാസമായിരിക്കാം കാരണം. എല്ലാം കാണുന്ന ഒരാള്‍ എന്നല്ലേ നാം ദൈവത്തെ വിളിച്ചിരുന്നത്. പോരാത്തതിനു ഗോകുലബാലനായിരിക്കേ വെണ്ണയും ഗോപികമാരുടെ വസ്ത്രവും മനസ്‌സും കവര്‍ന്നവന്‍ എന്ന വിശേഷണമുള്ള മായക്കണ്ണനു മുന്‍പില്‍ കളവുകാണിക്കാന്‍ വിശ്വാസികള്‍ക്കു ധൈര്യം വരുന്നതിനു സാധ്യതയുമുണ്ടായിരുന്നില്ല. അതെല്ലാം പഴങ്കഥ. എന്നാല്‍, സമ്പത്ത് കുന്നുകൂടാന്‍ തുടങ്ങിയതോടെ ക്ഷേത്രത്തെ ചുറ്റിപ്പറ്റി അപഹരണ വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. 

(റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com