മൂന്നാര്‍: റവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് മന്ത്രി ചന്ദ്രശേഖരന്‍ മരവിപ്പിച്ചു
Published: 14th July 2017 02:27 PM |
Last Updated: 15th July 2017 02:10 AM | A+A A- |

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ രൂപവത്കരിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ സംഘത്തിലെ അംഗങ്ങളെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. സര്‍വെ സൂപ്രണ്ട് ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മരവിപ്പിച്ചത്. മുന്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സംഘത്തിലെ നാല് പേരെയായിരുന്നു സ്ഥലം മാറ്റിയത്.
പുതിയ കളക്ടര്‍ അധികാരമേറ്റെടുത്തു പ്രശ്‌നങ്ങള്‍ പഠിക്കുന്നതുവരെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ തുടരട്ടെയെന്ന നിര്‍ദേശമാണ് മന്ത്രി മുന്നോട്ട് വെച്ചത്. നിലവിലെ പദവിയില്‍ ന്ിന്നും മാറ്റണമെന്ന് ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് മാറ്റിയതെങ്കിലും ഈ ഉദ്യേഗസ്ഥരെ ഇപ്പോള്‍ മാറ്റുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് റവന്യൂവകുപ്പിന്റെ വിലയിരുത്തല്‍.
ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ തൊടുപുഴയിലേക്കായിരുന്നു സ്ഥലം മാറ്റിയത്. മൂന്നാര്‍ ലാന്റ് ട്രിബ്യൂണലില്‍ കൈയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുകയും ഹാജരാകുകയും ചെയ്തിരുന്ന സര്‍വെയര്‍ എആര്‍ ഷിജു പഴയ തസ്തികയിലേക്ക് തിരികെ പോകുകയും ചെയ്തിരുന്നു.ടീമിലെ മറ്റ് പ്രധാനികളായ ഹെഡ് ക്ലാര്‍ക്ക് ജി ബാലചന്ദ്രന്‍ പിള്ള, പികെ സിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും പികെ സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കുമാണ് മാറ്റിയിരുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീറാമായിരുന്നു പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ രൂപികരിച്ചത്.
നിലവില്‍ ദേവികുളം ആര്‍ഡി ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടിന്റെ ചാര്‍ജ്ജുള്ള ഒരാളും മൂന്ന് ക്ലാര്‍ക്കും രണ്ട് പ്യൂണുമാണ് അവശേഷിക്കുന്നത്. പുതിയ കളക്ടര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കുമെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്