സഹതാപം സൃഷ്ടിക്കാനും ക്വട്ടേഷനോ? ദിലീപിന് അനുകൂല പോസ്റ്റുകളില്‍ നിറഞ്ഞ് സമൂഹമാധ്യമങ്ങള്‍

പൊതുമനസില്‍ വികൃതമായ ദിലീപിന്റെ മുഖം വീണ്ടും ഉടച്ചുവാര്‍ക്കാന്‍ പിആര്‍ ഗ്രൂപ്പുകള്‍ പണി തുടങ്ങിക്കഴിഞ്ഞു
സഹതാപം സൃഷ്ടിക്കാനും ക്വട്ടേഷനോ? ദിലീപിന് അനുകൂല പോസ്റ്റുകളില്‍ നിറഞ്ഞ് സമൂഹമാധ്യമങ്ങള്‍

കൊച്ചി: അറസ്റ്റിലായ സമയത്ത് ദിലീപിനെതിരെ വാളെടുത്തവരില്‍ അധികവും ഇപ്പോള്‍ പത്തി മടക്കി കഴിഞ്ഞു. അവരിപ്പോള്‍ ദിലീപിന് അനുകൂലമായി പറയുന്നു എന്ന് മാത്രമല്ല, ദിലീപിനോടുള്ള സഹതാപം നിറയ്ക്കാന്‍ ആക്രമത്തിന് ഇരയായ നടിയെ വീണ്ടും വീണ്ടും അധിക്ഷേപിക്കാനും മടി കാണിക്കുന്നില്ല. 

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ദിലീപ് അനുകൂല വികാരം സൃഷ്ടിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള പിആര്‍ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നാണ് അധികൃതരുടെ സംശയം. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കും ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. 

സൗമ്യ, ജിഷ കേസുകളില്‍ കാണിക്കാത്ത ഉത്സാഹമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ കാണിക്കുന്നതെന്നാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. നടിക്കെതിരായ ആക്രമണ വിഷയം നിരന്തരം ചര്‍ച്ച ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പൊതു ജനങ്ങള്‍ക്കിടയില്‍ അഭിപ്രായം സൃഷ്ടിക്കുന്നതിനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്.
 

നടനെ നടി ക്വട്ടേഷന്‍ കൊടുത്ത് പീഡിപ്പിച്ചത് പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്ന പ്രതികരണങ്ങള്‍. ഇതുകൂടാതെ ദിലീപ് പലര്‍ക്കായി നീട്ടിയ സഹായഹസ്തങ്ങളുടെ കഥകളാണ് സമൂഹമാധ്യമങ്ങളിലെ വിവിധ ഗ്രൂപ്പുകളിലും പേജുകളിലും നിറയുന്നത്. പൊതുമനസില്‍ വികൃതമായ ദിലീപിന്റെ മുഖം വീണ്ടും ഉടച്ചുവാര്‍ക്കാന്‍ പിആര്‍ ഗ്രൂപ്പുകള്‍ പണി തുടങ്ങിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ഇതൊക്കെ.

പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടുകള്‍, പേജുകള്‍, ഗ്രൂപ്പുകള്‍ വഴിയാണ് ദിലീപിന് അനുകൂലമായ പോസ്റ്റുകള്‍ വരുന്നത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് എന്ന പറയുന്ന പോസ്റ്റുകളാണ് സ്‌പോണ്‍സര്‍ ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നത്. 

ദിലീപ് നല്‍കിയ സഹായത്തെ കുറിച്ച് പറയുന്ന കൊച്ചിന്‍ ഹനീഫയുടെ ഭാര്യയുടെ വീഡിയോയാണ് ഇക്കൂട്ടത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ക്യാന്‍സര്‍ രോഗിയായ തന്റെ മൂന്ന് വയസുകാരനായ മകന്‍ ദിലീപിന്റെ ടു കണ്‍ട്രീസ് എന്ന സിനിമ കണ്ട് ചിരിച്ചെന്നു പറയുന്ന ആമേന്‍, തൃശിവപേരൂര്‍ ക്ലിപ്തം എന്നീ സിനിമകളുടെ സംവിധായകന്റെ ക്ലിപ്തം എന്ന സിനിമകളുടെ നിര്‍മാതാവിന്റെ വാക്കുകളും ദിലീപിനായി ഫേസ്ബുക്ക്, വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നു.


ഇതിന് പുറമെ നടി ആക്രമിക്കപ്പെട്ടെന്ന വ്യാജ വാര്‍ത്തയിലൂടെ ദിലീപിനെ കുടുക്കാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നും, ഇതിന് പിന്നില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സംഘമാണെന്നുമുള്ള വാദവും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിലീപിന്റെ സിനിമകളിലെ തമാശ രംഗങ്ങളുടേയും മറ്റ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെയും വികാരം സൃഷ്ടിക്കുന്നതിനുള്ള ശ്രമവും വിജയിച്ചുവരികയാണ്.

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഫേസ്ബുക്ക് പേജും അനുകൂല വികാരം സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com