ബസില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം മലയാള സിനിമ ആഭാസത്തിന്റെ ഷൂട്ടിംഗ് തീവ്രഹിന്ദുസംഘടന മുടക്കി

മുഹമ്മദലി ജിന്നയുടെ ചിത്രമൊട്ടിച്ച ബസ് ഉപയോഗിച്ചതിനെതിരെയാണ് ഒരു സംഘം ലൊക്കേഷനിലെത്തി ഭീഷണി മുഴക്കിയത് - ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളിലെ ചില ആഭാസത്തരങ്ങളാണ് ചിത്രത്തിന്റെ പ്രമേയം
ബസില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം മലയാള സിനിമ ആഭാസത്തിന്റെ ഷൂട്ടിംഗ് തീവ്രഹിന്ദുസംഘടന മുടക്കി

ബംഗളുരൂ: തീവ്രഹിന്ദുസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി. മുഹമ്മദലി ജിന്നയുടെ ചിത്രമൊട്ടിച്ച ബസ് ഉപയോഗിച്ചതിനെതിരെയാണ് ഒരു സംഘം ലൊക്കേഷനിലെത്തി ഭീഷണി മുഴക്കിയത്. ആഭാസം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബംഗ്‌ലരൂവില്‍ പുരോഗമിക്കവെയായിരുന്നു ഭീഷണി.

ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളിലെ ചില ആഭാസത്തരങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.

നവാഗതനായ ജുബിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബംഗ്‌ലരൂവില്‍ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍. ഗാന്ധിയുടെ ചിത്രമൊട്ടിച്ച വെള്ള നിറമുള്ള ബസിനെ ചുറ്റിപ്പറ്റിയാണ് സിനിമ. ഇത് കൂടാതെ നാല് ബസുകളും ചിത്രത്തിലുണ്ട്. നീല ബസില്‍ അംബേദ്കര്‍, ചുവപ്പ് ബസില്‍ കാറല്‍ മാര്‍ക്‌സ്, കാവി നിറമുള്ള ബസില്‍ ഗോഡ്‌സെ, പച്ച നിറമുള്ള ബസില്‍ മുഹമ്മദലി ജിന്ന എന്നിങ്ങനെയാണ്. എല്ലാത്തിന്റെയും പേര് ഡമോക്രസി എന്നാണ്. ബംഗ്‌ലുരൂവിലെ ഹൊസൂര്‍ റോഡിലൂടെ ഈ ബസുകള്‍ ഓടിച്ചായിരുന്നു ചിത്രീകരണം. ഇതില്‍ ജിന്നയുടെ ബസിന്റെ ചിത്രീകരണത്തിനിടെയാണ് ആക്രമണം. സമൂഹമാധ്യമങ്ങളില്‍ തീവ്രഹിന്ദു സംഘടനകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ചതിന് പിന്നാലെ ബസ് കത്തിക്കാനും ഇവര്‍ ആഹ്വാനം ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com