ദിലീപിന്റെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം തുണച്ചത് മന്ത്രി; പകരം ബന്ധുവിന് സിനിമയില്‍ അവസരം നല്‍കിയെന്ന് ആരോപണം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 15th July 2017 07:37 AM |
Last Updated: 15th July 2017 02:29 PM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ആഡംബര സിനിമ സമുച്ചയമായ ഡി സിനിമാസിനായി ചാലക്കുടിയിലെ അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ചമച്ച് കൈവശപ്പെടുത്തിയ പരാതിയിന്‍മേല്‍ ആരംഭിച്ച നടപടി തടഞ്ഞത് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയാണെന്ന് ആക്ഷേപം. ജില്ലാ ഭരണകൂടത്തിന്റെ നടപടി മന്ത്രി ഇടപെട്ട് തടഞ്ഞത് മന്ത്രിയുടെ ബന്ധുവിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയത് കൊണ്ടാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന പ്രതിഫലവും ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൂചനകളുണ്ട്.
തീയറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ തൃശൂര്‍ കളക്ടര്‍ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്കില്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു.സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയുടെ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കളക്ടര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് ആരോപണം.