കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും: കനയ്യകുമാര്‍

നാഗ്പൂരിലിരുന്ന് കാവി ട്രൗസറിട്ട് മനുസ്മൃതി വായിക്കുന്നവരാണ് രാജ്യം എങ്ങനെ മുമ്പോട്ടു പോകണമെന്ന് തീരുമാനിക്കുന്നത്
കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും: കനയ്യകുമാര്‍

തിരുവനന്തപുരം:കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാര്‍. എഐവൈഎഫും എഐഎസ്എഫും കന്യാകുമാരി മതുല്‍ ഹുസൈനിവാല വരെ സംഘടിപ്പിക്കുന്ന ലോംഗ് മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. ഇന്നലെയാണ് കന്യാകുമാരിയില്‍ നിന്നും ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. 

മലയാളികള്‍ ഗോ മാതാവിനെ കൊല്ലുന്നവരും ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നവരുമാണെന്ന പ്രചാരണമാണ് സംഘപരിവാറുകാര്‍ നടത്തുന്നത്.അവര്‍ക്ക് നുണ പ്രചരിപ്പിക്കാന്‍ മാത്രമേ അറിയുകയുള്ളു. കേരളത്തില്‍ ഗോഹത്യ നടക്കുന്നുവെന്ന് പറയുന്നവര്‍ ഗര്‍ഭസ്ഥശിശുക്കളുടെ മരണനിരക്ക് ഇവിടെ കുറവാണെന്ന കാര്യം മറക്കുകയാണ്. നാഗ്പൂരിലിരുന്ന് കാവി ട്രൗസറിട്ട് മനുസ്മൃതി വായിക്കുന്നവരാണ് രാജ്യം എങ്ങനെ മുമ്പോട്ടു പോകണമെന്ന് തീരുമാനിക്കുന്നത്. രാജ്യത്തെ മുസ്ലിങ്ങളെ രാജ്യദ്രോഹികളും രണ്ടാംതരക്കാരുമായി കാണുന്ന സംഘപരിവാറുകാര്‍ ദളിത് വിഭാഗങ്ങളെ ശ്രദ്ധിക്കുന്നതു പോലുമില്ല. അദ്ദേഹം പറഞ്ഞു.

പ്രസംഗം തുടരുന്നതിനിടെ പുത്തരിക്കണ്ടം മൈതാനത്തേക്ക് വന്ന ലോംഗ് മാര്‍ച്ചിനെ തന്റെ പതിവ് ശൈലിയില്‍ ഡോലക്ക് കൊട്ടി ആസാദി മുദ്രാവാക്യം പാടിയാണ് അദ്ദേഹം സ്വീകരിച്ചത്. സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എഐവൈഎഫും എഐഎസ്എഫും സംയുക്തമായി ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. 

ഉന സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗുജറാത്തില്‍ ആരംഭിച്ച ആസാദി കൂച്ച് യാത്രയുടെ ഉദ്ഘാടന ദിവസം അനുമതിയില്ലാതെ ജാഥ നടത്തിയെന്നാരോപിച്ച് കനയ്യ കുമാറിനേയും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയേയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com