മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ പൊലീസ് ക്ലബില്‍ എത്താനാകില്ലെന്ന് കാവ്യ; പറയുന്നിടത്ത് വന്ന് മൊഴി എടുക്കാമെന്ന് പൊലീസ്

ക്രിമിനല്‍ ചട്ടപ്രകാരം മൊഴി എടുക്കുന്നതിനായി സ്ത്രീകള്‍ എവിടെയെങ്കിലും വരാന്‍ പ്രയാസം അറിയിച്ചാല്‍, അവര്‍ പറയുന്നിടത്ത് എത്തി മൊഴി എടുക്കണം
മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ പൊലീസ് ക്ലബില്‍ എത്താനാകില്ലെന്ന് കാവ്യ; പറയുന്നിടത്ത് വന്ന് മൊഴി എടുക്കാമെന്ന് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലേക്ക് എത്താന്‍ കാവ്യയോട് പൊലീസ് നിര്‍ദേശിച്ചെങ്കിലും, പൊലീസ് ക്ലബിലെത്താന്‍ കഴിയില്ലെന്ന മറുപടിയാണ് കാവ്യ പൊലീസിന് നല്‍കിയത്. 

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നേരത്തെ നിര്‍ദേശിച്ചിരുന്നു എങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു കാവ്യ. ടെലിഫോണ്‍ വഴിയും, ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബില്‍ എത്തണമെന്ന് കാവ്യയോട് അന്വേഷണ സംഘം പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് വ്യക്തമാക്കി ക്രിമിനല്‍ ചട്ടം 160 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

മാധ്യമങ്ങളുടെ മുന്നിലൂടെ പൊലീസ് ക്ലബിലേക്ക് എത്തി ചോദ്യം ചെയ്യലിന് വിധേയമാകാന്‍ സാധിക്കില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കും. അമ്മയുടേയും, തന്റെ അഭിഭാഷകന്റേയും സാന്നിധ്യത്തില്‍ മൊഴി എടുക്കാമെന്നുമാണ് കാവ്യയുടെ വാദം. 

ഇതോടെ കാവ്യ പറയുന്നിടത്ത് എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്രിമിനല്‍ ചട്ടപ്രകാരം മൊഴി എടുക്കുന്നതിനായി സ്ത്രീകള്‍ എവിടെയെങ്കിലും വരാന്‍ പ്രയാസം അറിയിച്ചാല്‍, അവര്‍ പറയുന്നിടത്ത് എത്തി മൊഴി എടുക്കണം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെ മാത്രമെ ഇങ്ങനെ മൊഴി എടുക്കാന്‍ സാധിക്കുകയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com