സബ് ജയിലില്‍ ദിലീപിന് അനുകൂല മുദ്രാവാക്യം വിളിച്ചത് ജ്വല്ലറി ഉടമയുടെ നേതൃത്വത്തില്‍

മുദ്രാവാക്യം വിളിച്ചവര്‍ക്ക് പെരുമ്പാവൂരിലെ ഒരു യുവ നിര്‍മാതാവിന്റെ പിന്തുണയും ഉണ്ടായിരുന്നു
സബ് ജയിലില്‍ ദിലീപിന് അനുകൂല മുദ്രാവാക്യം വിളിച്ചത് ജ്വല്ലറി ഉടമയുടെ നേതൃത്വത്തില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുവന്നപ്പോള്‍ ദിലീപിന് അനുകൂല മുദ്രാവാക്യം വിളിയുമായി എത്തിയത് ഫാന്‍സ് അല്ലെന്ന് പൊലീസ് കണ്ടെത്തി. നഗരത്തിലെ ഒരു ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണ് ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളികള്‍ അരങ്ങേറിയത്. 

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ആലുവ സബ് ജയിലിലേക്ക് തിരികെ കൊണ്ടുവരുമ്പോഴായിരുന്നു ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിച്ചവര്‍ക്ക് പെരുമ്പാവൂരിലെ ഒരു യുവ നിര്‍മാതാവിന്റെ പിന്തുണയും ഉണ്ടായിരുന്നതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. 

പൊലീസിനെതിരായും ദിലീപിന് അനുകൂലമായുമാണ് മുദ്രാവാക്യം വിളിച്ചിരുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും, പണം മുടക്കിയതും ആരാണെന്ന് പൊലീസ് അന്വേഷിക്കും. ജനകീയ വേദി എന്ന സംഘടന രൂപീകരിച്ച് പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ പ്രതികരിക്കാനുള്ള ശ്രമവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ യുവജന വിഭാഗത്തെ മുന്നില്‍ നിര്‍ത്തി നഗരത്തില്‍ പ്രകടനം നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു എങ്കിലും വേണ്ടത്ര ആളെ സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com