വിനായകന്റെ ആത്മഹത്യ: തൃശൂരിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 19th July 2017 02:49 PM |
Last Updated: 19th July 2017 02:51 PM | A+A A- |

തൃശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. പാവറട്ടി, ഏങ്ങണ്ടിയൂര്‍, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടതിന്റെ അടുത്ത ദിവസമാണ് വിനായകന്‍ (19) എന്ന ദളിത് യുവാവ് ആത്മഹത്യ ചെയ്തത്. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. രേഖകള്‍ കയ്യില്‍ വയ്ക്കാതെ യാത്ര ചെയ്‌തെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വിനായകന്റെ അച്ഛന്‍ ഇരുചക്ര വാഹനത്തിന്റെ രേഖകളുമായി പോലീസ് സ്‌റ്റേഷനിലെത്തിയതിനു ശേഷമാണ് രണ്ടു യുവാക്കളെയും പോലീസ് വിട്ടയച്ചത്. വിനായകനൊപ്പം അറസ്റ്റ് ചെയ്ത ശരത്ത് ഇപ്പോള്‍ ആശുപത്രിയിലാണ്. പോലീസിന്റെ ക്രൂരമര്‍ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിനായകന്റെ കുടുംബവും നാട്ടുകാരും പറയുന്നത്.