അന്വേഷണം മൊബൈല്‍  കൈമാറിയ 'വിഐപി'യിലേക്ക്; പ്രതീഷ് ചാക്കോയുടേത് നിര്‍ണായക വെളിപ്പെടുത്തല്‍ 

കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങളാണ് പ്രതീഷ് അന്വേഷണസംഘത്തിന് കൈമാറിയത്
അന്വേഷണം മൊബൈല്‍  കൈമാറിയ 'വിഐപി'യിലേക്ക്; പ്രതീഷ് ചാക്കോയുടേത് നിര്‍ണായക വെളിപ്പെടുത്തല്‍ 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സുനില്‍കുമാറിന്റെ ആക്രമണ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈമാറിയ 'വിഐപി'യിലേക്കും നീങ്ങുന്നു. അറസ്റ്റിലാകും മുമ്പ് സുനില്‍കുമാര്‍ ഈ ഫോണ്‍ അഡ്വ.പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നു. പ്രതീഷ് ചാക്കോ ഈ ഫോണ്‍ ഒരു 'വിഐപി'യുടെ കൈവശംവഴി ദിലീപിനെ ഏല്‍പ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതീഷ് ചാക്കോ തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാവിവരങ്ങളും പ്രതീഷ് ചാക്കോ അന്വേഷണസംഘത്തിന് കൈമാറി. 

കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങളാണ് പ്രതീഷ് അന്വേഷണസംഘത്തിന് കൈമാറിയത്. ദിലീപിന് വേണ്ടി മൊബൈല്‍ വാങ്ങിയ 'വിഐപി'യുടെ പേരും പൊലീസിന് ലഭിച്ചു. ഇന്നലെമുതല്‍ ഇയാളുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതീഷിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ ശേഷം ഈ 'വിഐപി'യെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. 

ദിലീപ് അറസ്റ്റിലായ ശേഷം ഒളിവില്‍പ്പോയ പ്രതീഷ് കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴിയാണ് പൊലീസുമായി ആശയവിനിമയം നടത്തിയത്. അന്വേഷണവുമായി പ്രതീഷ് ചാക്കോ പൂര്‍ണ്ണമായും സഹകരിക്കുമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. 

മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പ്രതീഷ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. മൊഴി രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് പൊലീസ് തീരുമാനം. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ പ്രതീക്ഷിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇത്തരമൊരു നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com