ആര്‍ത്തവത്തിന് അവധി സ്ത്രീകളെ അശക്തരായി ചിത്രീകരിക്കുന്നതിനെന്ന് ആര്‍.ശ്രീലേഖ; ലിംഗ സമത്വമില്ലായ്മയുടെ ഉദാഹരണം

സ്ത്രീകള്‍ക്ക് നേരെയുള്ള സൗമനസ്യം എന്ന നിലയിലാണ് ഇങ്ങനെയുള്ള ചിന്ത പലരും മുന്നോട്ടു വയ്ക്കുന്നതെന്നും എഡിജിപി
ആര്‍ത്തവത്തിന് അവധി സ്ത്രീകളെ അശക്തരായി ചിത്രീകരിക്കുന്നതിനെന്ന് ആര്‍.ശ്രീലേഖ; ലിംഗ സമത്വമില്ലായ്മയുടെ ഉദാഹരണം

ആര്‍ത്തവത്തിന്റെ ആദ്യ ദിനം വനിതകള്‍ക്ക് അവധി നല്‍കുന്നത് ലിംഗ സമത്വമില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്ന് സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ എഡിജിപി ആര്‍.ശ്രീലേഖ. സ്ത്രീകള്‍ ശക്തരല്ല, അതിനാല്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്ന സന്ദേശമാണ് ഇത്തരമൊരു നീക്കത്തിലൂടെ സംഭവിക്കുന്നതെന്നും ശ്രീലേഖ പറയുന്നു. 

സ്ത്രീകളെ വിലകുറച്ച് കാണുന്നവരില്‍ നിന്നുമാണ് ഇത്തരം ചിന്തകള്‍ വരുന്നത്. ആര്‍ത്തവം ഓരോ വ്യക്തിക്കും വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കുന്നത്. പൊലീസ് സേനയില്‍ ഇതുപോലെയുള്ള ലിംഗ സമത്വം ഇല്ലായ്മ ഉണ്ടാകാന്‍ അനുവദിക്കില്ല. 

സാനിറ്ററി നാപ്കിന്‍ വനിതാ ഉദ്യോഗസ്ഥരുടെ യുനിഫോമിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള സൗമനസ്യം എന്ന നിലയിലാണ് ഇങ്ങനെയുള്ള ചിന്ത പലരും മുന്നോട്ടു വയ്ക്കുന്നതെന്നും എഡിജിപി ചൂണ്ടിക്കാണിക്കുന്നു. 

ആര്‍ത്തവ ദിനങ്ങളില്‍ അവധി എടുക്കണമോ എന്നുള്ളത് ഓരോ വ്യക്തിയുടേയും അവസ്ഥ അനുസരിച്ചിരിക്കുമെന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗം പറയുന്നത്. ചിലര്‍ക്ക് ഈ ദിനങ്ങളില്‍ അവധി എടുക്കാന്‍ തക്ക ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. എന്നാല്‍ ചിലര്‍ക്ക് തളര്‍ച്ചയും മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അതുകൊണ്ട് ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കുന്നതിനോട് യോജിപ്പില്ലെന്നാണ് അജിതാ ബീഗത്തിന്റെ നിലപാട്. 

അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ പൊലീസ് ഉദ്യേഗസ്ഥര്‍ക്ക് മെഡിക്കല്‍ ലീവ് നിഷേധിക്കാറില്ല. എന്നാല്‍ ആര്‍ത്തവത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും അജിതാ ബീഹം പറയുന്നു. 

എന്നാല്‍ ജോലി സമയത്ത് ആര്‍ത്തവം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ലെന്നാണ് പൊലീസിന്റെ വനിതാ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ പറയുന്നത്. സ്റ്റേഷന് പുറത്ത് ഡ്യൂട്ടിയുള്ള സമയങ്ങളില്‍ നല്ല ടൊയ്‌ലറ്റുകള്‍ ലഭിക്കാറില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com