നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയുടെ മൊഴി: പിടി തോമസ്

പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് മുന്‍പ് ട്രെയിനില്‍ വെച്ചുണ്ടായ ഒരു ഫോണ്‍ സംഭാഷണമാണ് കേസിന് പ്രധാന വഴിത്തിരിവായത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയുടെ മൊഴി: പിടി തോമസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായത് പാലക്കാട് സ്വദേശിയായ ഒരാള്‍ നല്‍കിയ മൊഴിയാണെന്ന് തൃക്കാക്കര എംഎല്‍എ പിടി തോമസ്. ഈ കേസില്‍ മൊഴിയെടുക്കുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് മുന്‍പ് ട്രെയിനില്‍ വെച്ചുണ്ടായ ഒരു ഫോണ്‍ സംഭാഷണമാണ് കേസിന് പ്രധാന വഴിത്തിരിവായത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന ഒരു അഭിഭാഷകയുടെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സഹയാത്രികന്‍ ആലുവ പോലീസില്‍ വിവരം നല്‍കിയിരുന്നു. അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ്. 

ഇതേത്തുടര്‍ന്ന് അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വളഞ്ഞിട്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആ അവസരത്തില്‍ വെറുമൊരു സാധാരണക്കാരനാണ് ഈ കേസില്‍ ഒരു തുമ്പുണ്ടാകാനുള്ള സഹായം നല്‍കിയതെന്ന് സന്ധ്യയെന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ആ വഴിക്ക് കേസന്വേഷണം പോകുന്നോണ്ടോയെന്ന് പരിശോധിക്കണമെന്ന് പിടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫോണിലൂടെ അഭിഭാഷക പറഞ്ഞതെന്ന് പിടി തോമസ് നേരത്തേ അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലാലിന്റെ വീട്ടില്‍ ആദ്യമെത്തിയ ആളെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും പിടി തോമസ് ആരോപിച്ചിരുന്നു. കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ ശേഷമാണ് പോലീസ് എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചത്. 

പോലീസിന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയുമെന്നും എംഎല്‍എ പറഞ്ഞു. തന്റെ 35 വര്‍ഷത്തെ പൊതുജീവിതത്തിനിടയിലെ മനസ്സു മരവിപ്പിക്കുന്ന സംഭവമായിരുന്നു ഇതെന്നും അതിലെ കുറ്റവാളികളെ കണ്ടെത്താന്‍ വ്യക്തി താല്‍പര്യങ്ങളോ സ്ഥാനമാനങ്ങളോ കണക്കാക്കാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ അവസരത്തില്‍ പോലീസ് അന്വേഷണത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത് പോലീസിനെ ദുര്‍ബലപ്പെടുത്തും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. വേറെയും ആളുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനൊരുങ്ങി നില്‍ക്കുകയായിരുന്നു. സിബിഐ അന്വേഷണം വന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചായിരിക്കും ആദ്യം അന്വേഷിക്കുക എന്നും പിടി തോമസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com