ഫണ്ട് വിനിയോഗത്തിനായി ജനങ്ങളില്‍ നിന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഇന്നസെന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2017 08:22 PM  |  

Last Updated: 21st July 2017 11:45 PM  |   A+A-   |  

തൃശൂര്‍: എംപി ഫണ്ട് വിനിയോഗിക്കുന്നതിനായി ജനങ്ങളില്‍ നിന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഇന്നസെന്റ് എംപി. 2017 - 18 വര്‍ഷത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ക്കായാണ് ജനങ്ങളില്‍ നിന്നും നേരിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.  മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിര്‍ദ്ദേശിക്കേണ്ടത്. 

ആരോഗ്യവിദ്യാഭ്യാസസാംസ്‌കാരിക പശ്ചാത്തല മേഖലകളില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കാന്‍ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതുമായ പദ്ധതികളാണ് വേണ്ടതെന്ന് എംപി ഇന്നസെന്റ് പറയുന്നു. വരുന്ന സാമ്പത്തിക വര്‍ഷം 5 കോടി രൂപയാണ് മണ്ഡലത്തിലെ വികസനത്തിനായി ചെലവഴിക്കാനുള്ള ഫണ്ട്. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 ലക്ഷം പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്കായി മാറ്റിവെക്കും. ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറല്‍ വിഭാഗ പദ്ധതികള്‍ക്കായി ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികള്‍ നിര്‍ദേശിക്കാവുന്നതാണ്. ഒന്നിലധികം പദ്ധതികളും തരാമെന്നും മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കുമെന്നും എംപി പറയുന്നു. വികസനരംഗത്ത് പുതുപുത്തന്‍ ആശയങ്ങളിലൂടെ വികസനരംഗത്ത് ജനകീയപ്രാതിനിധ്യം ഉണ്ടാക്കുകയാണ് ഇത്തരം ജനകീയ ആശയങ്ങളിലൂടെ ലക്ഷ്യമിടുന്നത്‌. 

എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിര്‍മ്മാണം ആണ് ഏറ്റെടുക്കുകയെന്നും
കഴിഞ്ഞ വര്‍ഷങ്ങളില്‍ എം പി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക സൃഷ്ടിക്കുകയാണ് ചെയ്തതെന്നും സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അതെന്നും എം പി പറയുന്നു. ഈ കാഴ്ചപ്പാടോടെയാവണം പുതിയ നിര്‍ദേശങ്ങളെന്നും മികച്ച നിര്‍ദേശങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുമെന്നും എംപി പറഞ്ഞു.