കുമ്മനത്തിന് പനിയെന്ന് വിശദീകരണം; ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു 

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന വിശദീകരണം
കുമ്മനത്തിന് പനിയെന്ന് വിശദീകരണം; ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു 

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട ഡെിക്കല്‍ കോളജ് കോഴ ഇടപാടിന്റെ പശ്ചാതലത്തില്‍ ഇന്ന് നടത്താനിരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി മാറ്റിവെച്ചു. ഇന്ന് കോര്‍ കമ്മിറ്റിയും നാളെ സംസ്ഥാന കമ്മിറ്റിയും ചേരുമെന്നും ഇക്കാര്യത്തില്‍ കോര്‍ കമ്മിറ്റി തീരുമാനമെടുക്കുമെന്നുമായിരുന്നു ബിജെപി നേതാക്കളുടെ വാദം. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന വിശദീകരണം. 

അതേസമയം, ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ നേതാക്കള്‍ വാങ്ങിയതായി വെളിപ്പെടുത്തുന്ന പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വന്‍ കോഴ ഇടപാടാണ് പാര്‍ട്ടി നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് കൃത്യമായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എം.ടി രമേശ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരിടപാടും നടത്തിയിട്ടില്ല എന്ന് പറഞ്ഞ് എം.ടി രമേശ് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നാണ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. 


സംഭവം വിവാദമായതോടെ ബിജെപി സഹകരണസെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ ബിജെപി പുറത്താക്കി. ഇയ്യാളാണ് കോഴ ഇടപാടുകള്‍ക്ക് കൂട്ടുനിന്നത് എന്നായിരുന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. പാര്‍ട്ടിയില്‍ നിന്നും എന്നെ പുറത്താക്കിയ ശേഷം തനിക്കെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണ പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നാണോ പാര്‍ട്ടി നേതൃത്വം കരുതുന്നതെന്ന് വിമല്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. അപ്പോള്‍ ഏതൊക്കെ നേതാക്കള്‍ ഉണ്ടാകുമെന്നും കാത്തിരുന്ന് കാണാം. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com