മെഡിക്കല്‍ കോഴ: പ്രചാരണത്തിനു പിന്നില്‍ മാധ്യമങ്ങളിലെ സിപിഎം ഫ്രാക്ഷനെന്ന് ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd July 2017 04:26 PM |
Last Updated: 22nd July 2017 04:26 PM | A+A A- |

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സിപിഎം ഫ്രാക്്ഷനാണ് പാര്‍ട്ടിക്കെതിരെ പ്രചാരണം അഴിച്ചുവിടുന്നതെന്ന് ബിജെപി. സിപിഎം ഫ്രാക്ഷന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് ബിജെപി നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തില്ല.
മെഡിക്കല്‍ കോളജ് അഴിമതി ആരോപണം ഉയര്‍ന്ന ഉടന്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആയിരുന്ന ആര്‍എസ് വിനോദ് ആണ് ഇക്കാര്യത്തില്‍ ഉത്തരവാദി. പാര്‍ട്ടിയെ വഞ്ചിക്കുകയാണ് വിനോദ് ചെയ്തത്. ഇതില്‍ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. മറ്റേതൊരു പാര്‍ട്ടിയാണ് ഇത്തരത്തില്‍ നടപടിയെടുത്തിട്ടുള്ളതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.
അഴിമതിയും വ്യക്തികള്‍ നടത്തുന്ന അധാര്‍മിക പ്രവൃത്തികളും തമ്മില്‍ വ്യത്യാസമുണ്ട്. ഇവിടെ ഇത്തരമൊരു പ്രവൃത്തിയാണ് നടന്നിട്ടുള്ളത്. ഇത് പാര്‍ട്ടിക്കെതിരായ പ്രചാരണമാക്കി മാറ്റിയത് മാധ്യമ പ്രവര്‍ത്തകരിലെ ഒരു വിഭാഗമായിരുന്നു. ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്ത് സീതാറാം യെച്ചൂരിക്കു നേരെ ഏതാനും പേര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അത് ആര്‍എസ്എസ് അക്രമം എന്നു പ്രചരിപ്പിക്കുകയായിരുന്നു. സമാനമായ പ്രചാരണമാണ് ഇക്കാര്യത്തിലും നടന്നതെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
നേരത്തെ ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടപടി നേരിട്ടയാളാണ് ആര്‍എസ് വിനോദ്. പിന്നീട് നന്നായി എന്നു തോന്നിയപ്പോഴാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. അതു തെറ്റെന്ന് ഇപ്പോള്‍ ബോധ്യമായതായി ശ്രീധരന്‍ പിള്ള പറഞ്ഞു.
എംടി രമേശിന്റെ പേര് വാര്‍ത്തകളിലേക്കു വലിച്ചിഴച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. രമേശിന് ഇക്കാര്യത്തില്‍ പുലബന്ധം പോലുമില്ലെന്നാണ് പാര്‍ട്ടി അഭിപ്രായം. പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നേതാക്കളില്‍ ആരുടെയും പേരു പരാമര്‍ശിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.