മെഡിക്കല്‍ കോഴ: കുലംകുത്തികളെ കരുതിയിരിക്കാന്‍ ജന്‍മഭൂമി; ബിജെപിയില്‍ ഭിന്നതരൂക്ഷം

ആരോപണവിധേയനായ എം.ടി രമേശ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ചില പേരുകള്‍ ഇന്നത്തെ യോഗത്തില്‍ പരസ്യമാക്കാനും സാധ്യതയുണ്ട്
മെഡിക്കല്‍ കോഴ: കുലംകുത്തികളെ കരുതിയിരിക്കാന്‍ ജന്‍മഭൂമി; ബിജെപിയില്‍ ഭിന്നതരൂക്ഷം

തിരുവനന്തപുരം: കുലംകുത്തികളെ കരുതിയിരിക്കണമെന്ന് ബിജെപി മുഖപത്രം ജന്‍മഭൂമി. മെഡിക്കല്‍ കോളജ് കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെയാണ് പത്രത്തിന്റെ വിമര്‍ശനം. കമ്മീഷന്‍ അംഗം എന്തിന് ഹോട്ടലിലേക്ക് മെയില്‍ അയച്ചുവെന്ന് പത്രം ചോദിക്കുന്നു.

മറുപുറം എന്ന പംക്തിയില്‍ കെ.കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തിലാണ് കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയ നേതാക്കളെ വിമര്‍ശിച്ചിരിക്കുന്നത്. 
കേരളത്തില്‍ ബിജെപി അനുദിനം ശക്തി പ്രാപിക്കുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല. ആദര്‍ശം പറയുന്ന പാര്‍ട്ടികളെല്ലാം ആമാശയങ്ങളെക്കുറിച്ചുള്ള ചിന്തയിലമര്‍ന്നപ്പോള്‍ ബലികൊടുക്കാത്ത ഒരു തത്വസംഹിതയെ മുറുകെ പിടിക്കുന്നത് ബിജെപി മാത്രമാണ് എന്നറിയുന്നതുകൊണ്ടാണ്. പ്രതിയോഗികളുടെ അടിയും അവഹേളനം സഹിച്ചും, വിയര്‍പ്പും ചോരയും ജീവന്‍തന്നെ സമര്‍പ്പിച്ചും പ്രവര്‍ത്തിക്കുന്നവരാണ് അണികള്‍. ജനങ്ങള്‍ക്ക് അവരില്‍ വലിയ പ്രതീക്ഷയുണ്ട്. അതനുസരിച്ച് പാര്‍ട്ടിയിലേക്കൊഴുകി എത്തുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആരോപണം വന്നയുടന്‍ അന്വേഷണക്കമ്മിഷനെ നിശ്ചയിച്ചത്. ആ കമ്മിഷന്റെ റിപ്പോര്‍ട്ടാണ് പ്രതിയോഗികള്‍ക്ക് ചോര്‍ന്നുകിട്ടിയത്. അതാണ് രാഷ്ട്രപതിയുടെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചത്. രാജ്യത്തെയും കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെത്തന്നെയും അവഹേളിക്കാന്‍ അത് അവസരമുണ്ടാക്കി.

കോഴ സ്വീകരിക്കുന്ന ഭരണമല്ല ഇന്ന് കേന്ദ്രത്തിലുള്ളത്. കോഴ കൊടുത്ത് മെഡിക്കല്‍കോളജ് എന്നല്ല ഒരു കോഴിക്കുഞ്ഞിനെപ്പോലും കിട്ടിയെന്ന് പറയാനാര്‍ക്കും കഴിയില്ല. കോഴ വാങ്ങി കാര്യം സാധിച്ചുകൊടുക്കുന്ന കാലം കഴിഞ്ഞു. കേരളത്തില്‍നിന്ന് പോയ കോഴ എങ്ങോട്ട് പോയി എന്നറിയണം. ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കുന്ന നായരും നമ്പൂതിരിയും നായാടിയൊന്നും ബിജെപിയുമായി പുലകുടി ബന്ധംപോലുമില്ലാത്തവരാണ്. എന്നിട്ടും സമൂഹത്തിനിടയില്‍ അപഖ്യാതി വരുത്തിവച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയതാരെന്ന് കണ്ടെത്തണം. കമ്മീഷനംഗത്തിന്റെ വ്യക്തിഗത ഇമെയിലില്‍നിന്നും ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് റിപ്പോര്‍ട്ട് എന്തിനയച്ചു? അതാരാണ് കച്ചവടം നടത്തിയത്? ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ കരുതിയിരുന്നേ പറ്റൂ.ലേഖനം പറയുന്നു. 

കോഴ വിവാദത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലകപ്പെട്ട സംസ്ഥാന നേതൃത്വം ഇന്ന് തിരുവനന്തപുരത്ത് നേതൃയോഗം കൂടുന്നുണ്ട്.ആരോപണ വിധേയനായ ആര്‍എസ് വിനോദിനെതിരെ മാത്രം നടപിടയെടുത്തതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ലയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.മുഴുവന്‍ പേരെയും കണ്ടെത്തണമെന്നും പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം ഒരു പാര്‍ട്ടി യോഗത്തിലും ചര്‍ച്ച ചെയ്യപ്പെടാത്ത റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ ആളുകളെ പുറത്താക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ആരോപണവിധേയനായ എം.ടി രമേശ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ചില പേരുകള്‍ ഇന്നത്തെ യോഗത്തില്‍ പരസ്യമാക്കാനും സാധ്യതയുണ്ട്.റിപ്പോര്‍ട്ട് ചോര്‍ന്നത് അംഗങ്ങളില്‍ നിന്നല്ലെന്ന് കമ്മീഷന്‍ അംഗങ്ങളായ ശ്രീശനും എ.കെ നസീറും യോഗത്തില്‍ അറിയിക്കും. ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തി സംഘടന പൊളിച്ചെഴുത്തിലേക്ക് നയിക്കുമെന്ന ആശങ്ക നിലനില്‍ക്കേയാണ് സംസ്ഥാന നേതൃയോഗം നടക്കുന്നത്. 

മെഡിക്കല്‍ കോഴ വിവാദം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി നേതക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന കോഴ ആരോപണങ്ങളില്‍ തത്ക്കാലം അന്വേഷണം വേണ്ട എന്ന നിലാപാടിലാണ് സംസ്ഥാന നേതൃത്വം. കോഴിക്കോട് നടന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് നേതാക്കള്‍ വന്‍ അഴിമതി നടത്തിയെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇത് തത്ക്കാലം അന്വേഷിക്കണ്ടയെന്നാണ്സംസ്ഥാന നേതാക്കള്‍ പറയുന്നത്. വ്യജ രസീത് കുറ്റി ഉപയോഗിച്ച് ഒരുവിഭാഗം കോടികള്‍ പിരിച്ചെടുത്തുവെന്നാണ് ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com