മറഞ്ഞത് രാഷ്ട്രീയ രംഗത്തെ ചിരിവിളക്ക്

ജനകീയ വിഷയങ്ങളില്‍ കുറിക്കു കൊള്ളുന്ന മറുപടികള്‍ പറയുമ്പോഴും എതിര്‍ ചേരിയിലുള്ളവരെ പോലും അലോസരപ്പെടുത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍
മറഞ്ഞത് രാഷ്ട്രീയ രംഗത്തെ ചിരിവിളക്ക്

രാഷ്ട്രീയ ആക്ഷേപങ്ങള്‍ പോലും നര്‍മത്തിന്റെ അകമ്പടിയോടെ പറഞ്ഞ് കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു കോട്ടയം കുറിച്ചിത്താനും സ്വദേശിയായ ഉഴവൂര്‍ വിജയന്‍. ജനകീയ വിഷയങ്ങളില്‍ കുറിക്കു കൊള്ളുന്ന മറുപടികള്‍ പറയുമ്പോഴും എതിര്‍ ചേരിയിലുള്ളവരെ പോലും അലോസരപ്പെടുത്തുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍. 

പ്രസംഗ ശൈലിയായിരുന്നു ജനങ്ങളിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്. തിരിച്ചടികള്‍ ഉണ്ടാകുമ്പോഴും തമാശകളിലൂടെ അദ്ദേഹം എല്ലാവരേയും അമ്പരപ്പിച്ചിരുന്നു. കടുത്ത പരിഹാസ ശരങ്ങള്‍ ഉതിര്‍ക്കുമ്പോഴും കക്ഷി വ്യത്യാസമില്ലാത്തെ എല്ലാ നേതാക്കളുമായും അദ്ദേഹം നല്ല വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നു. 

 കെഎസ് യു വിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ ഉഴവൂര്‍ വിജയന്‍ കോണ്‍ഗ്രസിലൂടെയാണ് ആദ്യകാല പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എ.കെ.ആന്റണിക്കും വയലാര്‍ രവി എന്നിവര്‍ക്കുമൊപ്പം അദ്ദേഹം കോണ്‍ഗ്രസ് എസിന്റെ ഭാഗമായി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും, ഉഴവൂര്‍ കോണ്‍ഗ്രസ് എസിന്റെ ഭാഗമായി ഇടതുപക്ഷത്ത് തുടര്‍ന്നു. ശരത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി രൂപീകരിച്ചതോടെ ഉഴവൂര്‍ വിജയന്റെ രാഷ്ട്രീയ തട്ടകം എന്‍സിപിയില്‍ ഉറച്ചു. 

പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു എങ്കിലും ഒരു തവണ മാത്രമാണ് ഉഴവൂര്‍ വിജയന്‍ എന്ന രാഷ്ട്രീയക്കാരന്‍ ജനവിധി തേടിയത്. 2001ല്‍ കെ.എം.മാണിക്കെതിരെ പാലയിലായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1999 മുതല്‍ എന്‍സിപിയുടെ വിവിധ തലങ്ങളില്‍ ഭാരവാഹിയായ അദ്ദേഹം 2015 മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്‌സിഐ ഉപദേശക സമിതി അംഗമായിരുന്നു. നാല് സിനിമകളില്‍ അതിഥി വേഷങ്ങളിലും എത്തിയിട്ടുണ്ട് ഉഴവൂര്‍ വിജയന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com