ഗുരുവായൂരില്‍ വയോധികയായ ഭക്തയെ സുരക്ഷാ ജീവനക്കാര്‍ തള്ളിയിട്ടു

വ്യാഴാഴ്ച രാവിലെ പത്തിന് പ്രസാദ കൗണ്ടറിനു മുന്‍പിലായിരുന്നു സംഭവം.
ഗുരുവായൂരില്‍ വയോധികയായ ഭക്തയെ സുരക്ഷാ ജീവനക്കാര്‍ തള്ളിയിട്ടു

ഗുരൂവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാജീവനക്കാരുടെ അക്രമത്തില്‍ വയോധികയ്ക്ക് പരുക്ക്. എരമംഗലം കിഴക്കേ വളപ്പില്‍ ശ്രീലക്ഷ്മിയമ്മ (70) യ്ക്കാണ് ക്ഷേത്രം വാച്ച്മാന്‍ പിടിച്ചുതള്ളിയതിനെ തുടര്‍ന്നു പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ പത്തിന് പ്രസാദ കൗണ്ടറിനു മുന്‍പിലായിരുന്നു സംഭവം. സംഭവമുണ്ടായ ഉടനെ ആളുകള്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് ദേവസ്വം ആംബുലന്‍സില്‍ തന്നെ ശ്രീലക്ഷ്മിയമ്മയെ ദേവസ്വം ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. 

ശ്രീലക്ഷ്മിയമ്മയുടെ തുടയെല്ലിനാണ് പരുക്ക്. അതേസമയം സംഭവം നടന്നിട്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസ് പരാതിയെടുക്കാന്‍ തയ്യാറാകാതിരുന്നത് വിവാദമായിട്ടുണ്ട്. സംഭവം നടന്ന ദിവസം ഗുരുവായൂര്‍ പൊലിസ് സ്റ്റേഷനിലും ദേവസ്വം അഡ്മിനിസ്‌ട്രേറ്ററിലും പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ വിഷയം കണ്ടില്ലെന്നു നടിക്കുകയാണ് ഉണ്ടായത്. ദേവസ്വം ഹോസ്പിറ്റലിലെ ഡോ.സവിത ലക്ഷ്മിയമ്മ തനിയെ വീണുമുറിഞ്ഞതാണെന്ന് പൊലിസിനെ അറിയിച്ചതുകൊണ്ടാണ് പൊലിസ് കേസെടുക്കാന്‍ വൈകിയത് എന്നാണ് പൊലിസ് ഭാഷ്യം. സ്ഥലം എം.എല്‍.എ  കെ.വി.അബ്ദുല്‍ഖാദറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ പൊലിസ് കേസെടുക്കാന്‍ തയ്യാറായത്. 

ശ്രീലക്ഷ്മിയമ്മയുടെ കൂടെ ക്ഷേത്രദര്‍ശനത്തിനെത്തിയ മരുമകള്‍ രത്‌നം മകന്‍ സുധീറിനെ അറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് രാജാ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്ത ലക്ഷ്മിയമ്മയെ മകന്‍ ചാവക്കാട് ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നുവരുന്നതായും അറിയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com