മൊബൈല്‍ ഫോണും അപ്പുണ്ണിയും ജാമ്യഹര്‍ജിയില്‍ ദിലീപിനു വിനയായി

ദേശീയപാതയില്‍ വച്ച് നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവം എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്
മൊബൈല്‍ ഫോണും അപ്പുണ്ണിയും ജാമ്യഹര്‍ജിയില്‍ ദിലീപിനു വിനയായി

കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തതും മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയതും ജാമ്യഹര്‍ജിയില്‍ ദീലിപിനു കുരുക്കായി. ഈ രണ്ടു കാര്യങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിയത്.

ദേശീയപാതയില്‍ വച്ച് നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവം എന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ പുറത്തുവരിക എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതിക്കു ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനില്‍ കുമാര്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയ്ക്കു കൈമാറിയെന്നാണ് വിവരം. ഈ ഫോണ്‍ തന്റെ ജൂനിയറിനെ ഏല്‍പ്പിച്ചെന്നും കത്തിച്ചു കളഞ്ഞെന്നുമാണ് അഭിഭാഷന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു വിശ്വസനീയമല്ലെന്നാണ് പൊലീസ് പറയുന്നത്. ച്‌ലച്ചിത്ര വിതരണക്കാരുടെ സംഘടനയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോ ദിലീപ് വഴിയാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകനായത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ അഭിഭാഷകന്‍ ഫോണ്‍ ദിലീപിനു കൈമാറിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതെല്ലാം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. 

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മാനേജര്‍ സുനില്‍ രാജ് എന്ന അപ്പുണ്ണി ഒളിവിലായതാണ് ജാമ്യ ഹര്‍ജിയില്‍ ദിലീപിന് വിനയായ മറ്റൊരു കാര്യം. നേരത്തെ ദിലീപിനൊപ്പം അപ്പുണ്ണിയും ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായതിനു ശേഷം ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടും അപ്പുണ്ണി പൊലീസിനു മുന്നില്‍ എത്തിയിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അപ്പുണ്ണിയുടെയും ദിലീപിന്റെയും മൊഴികളില്‍ പലയിടത്തും പ്രകടമായ വൈരുദ്ധ്യമുണ്ട്്. രണ്ടു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ കേസിനെക്കുറിച്ച് കൂടുതല്‍ വിവരം കിട്ടുമെന്നാണ് പൊലീസിന്റെ നിഗമനം. ഇത്് ഒഴിവാക്കുന്നതിനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പൊലീസ് കരുതുന്നത്. അപ്പുണ്ണി പിടിയിലാവും മുമ്പ് ഏതു വിധേയനും ജാമ്യം തേടി പുറത്തുവരാനായിരുന്നു ദിലീപീന്റെ ശ്രമം. നിര്‍ണായക കണ്ണിയായ അപ്പുണ്ണി പിടിയിലായിട്ടില്ലെന്നത് ജാമ്യം നിഷേധിച്ചുകൊണ്ടുളള വിധിയില്‍ ഹൈക്കോടതി എടുത്തുപറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com