അഭിഭാഷകര്‍ മിണ്ടാറില്ല, ചിരിക്കാറില്ല; തനിക്ക് ഊരുവിലക്കെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍

അഭിഭാഷകരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാവാത്ത അവസ്ഥ വരാം. അവരെ ഓട്ടോയില്‍ കയറ്റില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ തീരുമാനിക്കാം. ചായ കൊടുക്കില്ലന്ന് ചായക്കടക്കാര്‍ തീരുമാനിക്കാം
അഭിഭാഷകര്‍ മിണ്ടാറില്ല, ചിരിക്കാറില്ല; തനിക്ക് ഊരുവിലക്കെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ അഭിപ്രായം പറഞ്ഞതിന് അഭിഭാഷക സമൂഹം തനിക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. കോടതിയിലോ പുറത്തോ വച്ച് അഭിഭാഷകര്‍ ആരും തന്നോടു സംസാരിക്കാറോ ചിരിക്കാറോ പോലുമില്ലെന്ന് ഹൈക്കോടതിയിലെ അഭിഭാഷകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മംഗളം ടെലിവിഷനിലെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഊരുവിലക്ക് എന്നൊക്കെ നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ള കാര്യമാണ്. അതാണ് തനിക്കുനേരെ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അഭിഭാഷകര്‍ തന്നോടു സംസാരിക്കാറില്ല. ചിരിക്കാറില്ല. കഴിയുമെങ്കില്‍ കോടതിയില്‍ അടുത്തിരിക്കാതിരിക്കാന്‍ ശ്രമിക്കും. അടുത്ത സുഹൃത്തുക്കള്‍ പോലും അവഗണിക്കുകയാണ്. ഒരാളും സൗഹൃദത്തിന്റെ ഒരു സൂചന പോലും കാണിക്കില്ല. അപരിചിതനെപ്പോലെയാണ് കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ കേരള ഹൈക്കോടതിയില്‍ പോവുന്നതെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

കൊച്ചിയില്‍ ഗവ. പ്ലീഡര്‍ ആയിരുന്ന അഭിഭാഷകനെ ഒരു സ്ത്രീ കൊടുത്ത പരാതിയില്‍ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തതാണ് സംഘര്‍ഷത്തിന് അടിസ്ഥാനം. അത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ക്കു കൊടുക്കാതിരിക്കാനാവില്ല. അതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ താന്‍ അഭിഭാഷകര്‍ക്കൊപ്പം നിന്നില്ല എന്നതാണ് ഈ ഊരുവിലക്കിന്റെ കാരണം. ഭരണഘടനയോടു പ്രതിജ്ഞാബദ്ധമായ ഒരു സമൂഹത്തിന് എങ്ങനെയാണ് ഇത്തരത്തില്‍ നിലപാടെടുക്കാനാവുകയെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചു. അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് ശിക്ഷ. പ്രോമിത്യുസിനെപ്പോലെ അവസാനമില്ലാത്ത ശിക്ഷ വിധിക്കാന്‍ താന്‍ എന്തു തെറ്റാണ് ചെയ്തത് എന്നു മനസിലാവുന്നില്ല. മാധ്യമ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ അഭിപ്രായം പറഞ്ഞതിന് അഞ്ചു പേരെയാണ് അന്ന് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. മറ്റു നാലു പേരുടെ കാര്യത്തില്‍ പിന്നീട് എന്തു പറ്റിയെന്ന് അറിയില്ല. ഒരാള്‍ ക്ഷമ പറഞ്ഞതായി കേട്ടു. എന്തായാലും അവരുടെ കാര്യത്തില്‍ ഇത്രയ്ക്ക് ഗൗരവം അഭിഭാഷകര്‍ കാണിക്കുന്നതായി തോന്നുന്നില്ല.

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കു തന്നോടു നേരത്തേ തന്നെ വിരോധമുണ്ട്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യത്തില്‍ വലിയ സമരങ്ങള്‍ നടന്നത് താന്‍ എംപിയായിരുന്ന കാലത്താണ്. അതു ശരിയായ ആവശ്യമല്ലെന്ന നിലപാടാണ് അന്ന് താന്‍ സ്വീകരിച്ചത്. വഞ്ചിയൂരിലെ അഭിഭാഷകര്‍ ഈ സംഘര്‍ഷത്തിന്റെ പേരില്‍ തനിക്കെതിരെ തിരിഞ്ഞതിന് അതും ഒരു കാരണമായിട്ടുണ്ടാവാം. എന്നാല്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ ഇത്ര വലിയ വിദ്വേഷം വച്ചു പുലര്‍ത്തുന്നതിനു കാരണമറിയില്ല. 1980ല്‍ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ആയ ആളാണ് താന്‍. അവിടേക്ക് ഇപ്പോള്‍ അപരിചിതന്‍ എന്ന പോലെയാണ് താന്‍ കടന്നുചെല്ലുന്നത്. 

കേസു കൊടുത്തു തോല്‍പ്പിക്കും, കേസില്‍ ഹാജരാവാതെ പ്രയാസപ്പെടുത്തും എന്നൊക്കെയാണ് അഭിഭാഷകരുടെ നിലപാട്. കേരളത്തിലെ എല്ലാ കോടതികളിലും തനിക്കെതിരെ കേസ് ഫയല്‍ ചെയ്യാനാണ് അഭിഭാഷകര്‍ തീരുമാനിച്ചത്. അത്രത്തോളം പോവാന്‍ 
അവര്‍ക്കായിട്ടില്ല. എങ്കിലും പല കോടതികളിലും ഇപ്പോള്‍ കേസുണ്ട്. തൃശൂരിലെ ഒരു പ്രസംഗത്തിന്റെ പേരിലാണ് അപകീര്‍ത്തി കേസ്. കേരളത്തില്‍ തെരുവുനായ് ശല്യം വലിയ വാര്‍ത്തയായിരുന്ന സമയത്തായിരുന്നു ആ പ്രസംഗം. മനുഷ്യരുടെ ചങ്ങാതികളായിരുന്ന നായ്ക്കള്‍ അപ്രതീക്ഷിതമായാണ് മനുഷ്യര്‍ക്കെതിരെ തിരിഞ്ഞത്. അതങ്ങനെ തുടര്‍ന്നാല്‍ അതിനെ നേരിടാന്‍ വഴികളുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ സുഹൃത്തുക്കളായിരുന്ന അഭിഭാഷകര്‍ അപ്രതീക്ഷിതമായി അവര്‍ക്കെതിരെ തിരഞ്ഞെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. അഭിഭാഷകരെ നായ്ക്കളെന്നു വിളിച്ചു എന്ന് ആരോപിച്ചാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ഒരേ വിഷയത്തില്‍ കേരളത്തിലെ പല കോടതികളില്‍ കേസ് വന്നപ്പോള്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ എല്ലായിടത്തും പോവേണ്ടിവരുന്നില്ല.

ഈ കേസുകളില്‍ തനിക്കു ഹാജരാവാന്‍ അഭിഭാഷകര്‍ തയാറായിട്ടില്ല. ഹാജരാവരുത് എന്നാണ് ബാര്‍ അസോസിയേഷന്‍ എടുത്തിട്ടുള്ള തീരുമാനം. ഇതു വിചിത്രമാണ്. ഹാജരാവുന്നവരെ അസോസിയേഷനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ഭീഷണി. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇടപെടുവിച്ചാണ് അഭിഭാഷകയെ കേസില്‍ ഹാജരാക്കിച്ചത്. അവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഇത് ഭീകരമായ അവസ്ഥയാണെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ചൂണ്ടിക്കാട്ടി. താന്‍ ഒരു മുന്‍ എംപിയാണ്, മുന്‍ എംഎല്‍എയാണ്, മുപ്പത്തിയേഴു വര്‍ഷമായി ഹൈക്കോടതിയിലെ അഭിഭാഷകനാണ്, പല രീതിയിലും അറിയപ്പെടുന്നയാളാണ്. കൊലപാതക കേസോ നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസോ അല്ല തനിക്കെതിരെയുള്ളത്. വെറും അപകീര്‍ത്തിക്കേസാണ്. അതിന് ഹാജരാവാന്‍ വക്കീലിനെ കിട്ടുന്നില്ല എന്നത് ഭീകരമായ അവസ്ഥയാണ്. 

ഇത്തരമൊരു സാഹചര്യം ആര്‍ക്കും വരാം. തങ്ങള്‍ക്ക് നീരസമുള്ളയാളുടെ കേസില്‍ ഹാജരാവാന്‍ അഭിഭാഷകര്‍ തയാറാവാത്തതു പോലെ അഭിഭാഷകരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാവാത്ത അവസ്ഥ വരാം. അവരെ ഓട്ടോയില്‍ കയറ്റില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ തീരുമാനിക്കാം. ചായ കൊടുക്കില്ലന്ന് ചായക്കടക്കാര്‍ തീരുമാനിക്കാം. അതൊന്നും അന്തസുള്ള നിലപാടല്ല. ഭരണഘടനയനുസരിച്ച്, നിയമവാഴ്ച അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ സമൂഹത്തില്‍നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടാവാന്‍ പാടില്ല.

വഞ്ചിയൂര്‍ കോടതി വളപ്പില്‍ തന്റെ തലയും പട്ടിയുടെ ഉടലുമുള്ള ചിത്രം വച്ചിട്ടുണ്ട്. ജഡ്ജിമാരുടെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഇത് ഒട്ടിച്ചിരിക്കുന്നത്. അത് അവിടെനിന്നു നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍, കോടതി വളപ്പിന്റെ അധികാരം കൈയാളുന്ന ഒരു ജ്ഡ്ജിക്കും തോന്നിയിട്ടില്ല. ഇത്തരം നടപടികള്‍ തെറ്റാണെന്ന് അഭിഭാഷകരെ ഉപദേശിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരും തയാറായില്ല. 

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് അകറ്റരുത് എന്നായിരുന്നു തന്റെ നിലപാട്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന ആരൊക്കെയോ ആണ് തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലുള്ളത്. ഇതു കൊച്ചിയില്‍ അഭിഭാഷകന്‍ അറസ്റ്റിലായതും അതിന്റെ വാര്‍ത്ത വന്നതുമായും മാത്രം ബന്ധപ്പെട്ട വിഷയമാണെന്നു തോന്നുന്നില്ല. ദുരൂഹമായ എന്തെക്കെയൊ നടക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com