സ്വാതന്ത്ര്യ സമര സേനാനി കെഇ മാമ്മന്‍ അന്തരിച്ചു

97 വയസായിരുന്നു. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം
സ്വാതന്ത്ര്യ സമര സേനാനി കെഇ മാമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയനുമായ കെഇ മാമ്മന്‍ അന്തരിച്ചു. 97 വയസായിരുന്നു. അസുഖബാധിതനായി കഴിഞ്ഞ മൂന്നുമാസമായി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം മൂര്‍ഛിക്കുകയായിരുന്നു. 

മദ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായ കെഇ മാമ്മന്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു. 

കെഇ മാമ്മന്‍ സമരമുഖത്ത്‌
 

മഹാത്മാ ഗാന്ധിജിയുടെ അടിയുറച്ച അനുയായിയായ മാമ്മന്‍ ഒറ്റയാള്‍ പോരാട്ടങ്ങളിലുടെയാണ് തലസ്ഥാനത്ത് ശ്രദ്ധേയനായത്. ക്വിറ്റ് ഇന്ത്യാ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ സമരമുഖങ്ങളില്‍ എന്നും കെ ഇ മാമന്‍ നിത്യസാന്നിധ്യമായിരുന്നു. അവിവാഹിതനായ അദ്ദേഹം സഹോദരപുത്രനൊപ്പമാണ് താമസിച്ചിരുന്നത്. 

കണ്ടത്തില്‍ കുടുംബത്തില്‍ കെസി ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴു മക്കളില്‍ ആറാമനായാണ് കെഇ മാമ്മന്റെ ജനനം. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ട്രാവന്‍കൂര്‍ സ്റ്റുഡഡന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റായി.  സി കേശവന്റെ പ്രശക്തമായ കോഴഞ്ചേരി പ്രസംഗമാണ് തന്നെ പൊതുപ്രവര്‍ത്തനത്തിന്റെ ആവേശത്തിലേക്ക് എത്തിച്ചതെന്ന് മാമ്മന്‍ പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂറില്‍ വിദ്യാഭ്യാസത്തിന് സര്‍ സിപി എതിര്‍പ്പുന്നയിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ സെന്റ് തോമസ് കോളജിലാണ് മാമ്മന്‍ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തീകരിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്നെങ്കിലും ക്വിറ്റ് ഇ്ന്ത്യാ സമരത്തില്‍ പങ്കെടുത്തതിനാല്‍ പുറത്താക്കപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com